അജ്മാൻ നാണയ, സ്റ്റാമ്പ് പ്രദര്‍ശനം നാലാം പതിപ്പിന് തുടക്കം
text_fieldsഅജ്മാന്: അജ്മാന് വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ നടക്കുന്ന നാണയ, സ്റ്റാമ്പ് പ്രദര്‍ശനത്തിന്റെ നാലാം പതിപ്പിന് തുടക്കം. സെപ്റ്റംബർ 10 മുതൽ 15 വരെ ബഹി അജ്മാൻ പാലസ് ഹോട്ടലിലാണ് അജ്മാൻ ടൂറിസം ഫിലാറ്റലിക്ക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന് അരങ്ങേറുന്നത്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ചാണ് വിനോദ സഞ്ചാര വകുപ്പ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഏകദേശം അഞ്ച് ദശലക്ഷം ദിർഹം മൊത്തം മൂല്യമുള്ള പതിനായിരത്തിലധികം അപൂർവ ഇനങ്ങൾ പ്രദർശിപ്പിക്കും. സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരണവും സൂക്ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശിൽപശാലകളും വിദ്യാഭ്യാസ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. സെപ്റ്റംബർ 13ന് വെള്ളിയാഴ്ച 100 അപൂർവ ഇനങ്ങളുടെ ഒരു പൊതു ലേലവും പ്രദർശനത്തിനോടനുബന്ധിച്ച് നടക്കും.
എമിറേറ്റുകളുടെ സമഗ്രമായ ചരിത്രവും പുരോഗതിയും വിവരിക്കുന്ന അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം പ്രദർശനത്തിനുണ്ടാകും.
എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ അംഗങ്ങളിൽനിന്നും മറ്റു വിദഗ്ദ്ധ കൂട്ടായ്മകളില്‍നിന്നും അപൂർവവും വ്യത്യസ്തവുമായ തപാൽ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരങ്ങൾ പ്രദർശിപ്പിച്ച് യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും തപാൽ ചരിത്രവും ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. സ്റ്റാമ്പ്, നാണയം ശേഖരിക്കുന്നവരുടെ ശേഖരം വിപുലീകരിക്കുന്നതിന് പ്രദര്‍ശനം മികച്ച അവസരമായിരിക്കും.
വിലപിടിപ്പുള്ളതും അപൂർവവുമായവ ഏറ്റവും ഉയർന്ന വിലക്ക് വിൽക്കുന്നതിനുള്ള ലേലവും അസോസിയേഷന് നടത്തും. ഈജിപ്ത്, ലബനാൻ, സൗദി അറേബ്യ, ഖത്തർ, ജോർഡൻ, ബഹ്റൈൻ, സിറിയ, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര പ്രദർശകർ പങ്കെടുക്കുന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 26 എക്സിബിറ്റർമാർ പങ്കെടുക്കുന്നുണ്ട്. പ്രദർശനം ദിവസവും രാവിലെ പത്തു മുതൽ വൈകീട്ട് പത്തു വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.