അജ്മാന് ഇത്തിഹാദ് സ്ട്രീറ്റ് വികസനം 70 ശതമാനം പൂർത്തിയായി
text_fieldsഅജ്മാന്: എമിറേറ്റിലെ പ്രധാന പാതകളിലൊന്നായ ഇത്തിഹാദ് സ്ട്രീറ്റ് വികസനം 70ശതമാനം പൂർത്തിയായി. കഴിഞ്ഞ വർഷം 2022 ജൂലൈയിൽ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഈ ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 7.16 കോടി ദിര്‍ഹം ചെലവഴിച്ചാണ് രണ്ട് പാലങ്ങളടക്കമുള്ള ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങളോട് കൂടിയ പദ്ധതി നടപ്പിലാക്കുന്നത്.
ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിൽനിന്നും തിരിച്ചുമുള്ള വാഹനങ്ങളുടെ തിരക്ക് മൂലം ഇത്തിഹാദ് റോഡില്‍ സ്ഥിരമായി ഗതാഗത കുരുക്കുണ്ടാകാറുണ്ട്. ഇതിന് പരിഹാരം തേടിയാണ് അജ്മാന് നഗരസഭ ഈ പ്രദേശത്ത് പുതിയ വികസന പദ്ധതിക്ക് രൂപം നല്‍കിയത്. ദുബൈയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇത്തിഹാദ് സ്ട്രീറ്റില്‍ ഇരു വശത്തേക്കും അഞ്ച് വരി പാതകള്‍ ഉണ്ടായിരിക്കും. ഇതിനിടയിലുള്ള പാലത്തിൽ മൂന്ന് വരി പാതയുണ്ടാകും.
പാലത്തിനടിയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിനെയും കുവൈത്ത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന കവലയിൽ ട്രാഫിക് സിഗ്നലുകള്‍ വഴി ഗതാഗതം നിയന്ത്രിക്കും. അൽ ഹസൻ ബിൻ അൽഹൈതം സ്ട്രീറ്റിൽ നിന്നും എമിറേറ്റിന് പുറത്തേക്കും അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്ന് ഷാർജയിലേക്കും പോകുന്നവർക്കായി മറ്റൊരു പാലവും അടങ്ങുന്നതാണ് പദ്ധതി.
നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഏകദേശം പതിനാറായിരം വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും യാത്രാ ദൈര്‍ഘ്യം പകുതിയായി കുറയുമെന്നും അജ്മാന് നഗരസഭ വ്യക്തമാക്കി. അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശം സന്ദര്‍ശിച്ച് വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.