അജ്മാൻ തീപിടിത്തം : നഷ്ട സ്വപ്നങ്ങളുടെ ചാരക്കൂനയില്‍ തേങ്ങലടക്കാനാകാതെ മലയാളികളും
text_fieldsഅജ്മാന്: കോവിഡ് പ്രതിസന്ധി എല്ലാവരെയുംപോലെ അജ്മാന് ഇറാനി മാര്‍ക്കറ്റിലെ വ്യാപാരികളെയും പിടിച്ചുലച്ചിരുന്നു. ബുധനാഴ്ച വൈകീട്ടുണ്ടായ അഗ്നിബാധ 'കൂനിന്മേൽ കുരു' എന്ന പോലെ ഇവരുടെ സ്വപ്നങ്ങളെ ചാരക്കൂനയാക്കി. മാര്‍ക്കറ്റിലെ 120ഓളം സ്ഥാപനങ്ങളാണ് ചാരമായി മാറിയത്.
ഇറാനി മാര്‍ക്കറ്റ് എന്നാണ് പേരെങ്കിലും സാധാരണക്കാരായ നൂറുകണക്കിന് മലയാളികളുടെയും ബംഗാളികളുടെയും ഉപജീവനമായിരുന്നു മാര്‍ക്കറ്റ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ചു മാസത്തോളമായി ഏതാണ്ട് അടഞ്ഞു കിടക്കുകയായിരുന്നു ഇറാനി മാര്‍ക്കറ്റും. ചൈനീസ് ഉല്പന്നങ്ങളുടെ വ്യവഹാര കേന്ദ്രമായിരുന്നതിനാല്‍ കോവിഡിെൻറ ആദ്യ ഘട്ടത്തില്‍തന്നെ പ്രതിസന്ധി ഇറാനി മാര്‍ക്കറ്റിനെ തേടി വന്നു. ഒമാന്‍ അടക്കമുള്ള മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള ആളുകളും സ്വദേശി സ്ത്രീകളുംവരെ ഇറാനി മാര്‍ക്കറ്റിലെ നിത്യ ഉപഭോക്താക്കളായിരുന്നു. പഴം, പച്ചക്കറി, മാംസ മാര്‍ക്കറ്റ്, ഇലക്ട്രിസിറ്റി, പോസ്റ്റോഫിസ് എന്നിവ സമീപത്തുള്ളതിനാല്‍ ഇപ്പോഴും തിരക്കുള്ള മാര്‍ക്കറ്റായിരുന്നു ഇത്.
കാര്‍പെറ്റ്, വസ്ത്രങ്ങള്‍, കിടപ്പുമുറി അലങ്കാര വസ്തുക്കള്‍, പാത്രങ്ങള്‍, ചെരിപ്പുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവക്ക് അജ്മാനിലെ പ്രധാന വിപണന കേന്ദ്രമായിരുന്നു ഇറാനി മാര്‍ക്കറ്റ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എല്ലാ വാണിജ്യ കേന്ദ്രങ്ങള്‍ക്കും താഴു വീണപ്പോള്‍ ഇറാനി മാര്‍ക്കറ്റിലും ആളനക്കം ഇല്ലാതായി. അപ്പോഴും ഇവിടെ താഴ് വീണില്ലായിരുന്നു. കാരണം ഒരു തുറന്ന വാണിജ്യ കേന്ദ്രമായിരുന്നു ഇറാനി മാര്‍ക്കറ്റ്. കച്ചവട സമയം കഴിഞ്ഞാല്‍ തുണികളും മറ്റും ഉപയോഗിച്ച് മൂടിയിടുന്ന വാണിജ്യ സ്ഥാപനങ്ങള്‍. ഇങ്ങനെയൊക്കെയാണെങ്കിലും വന്‍ വ്യാപാര സാധ്യതകളായിരുന്നു ഇവിടത്തെ കച്ചവടക്കാരെയും തൊഴിലാളികളെയും പിടിച്ചു നിര്‍ത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിക്ക് യു.എ.ഇയില്‍ അൽപം അയവു വന്നപ്പോള്‍ കച്ചവടക്കാരും തൊഴിലാളികളും ഏറെ ആശ്വസിച്ചു. ഈ വാണിജ്യകേന്ദ്രത്തെ കൈ പിടിച്ച് ഉയർത്തുന്നതിെൻറ ഭാഗമായി അജ്മാനിലെ ആരോഗ്യ വകുപ്പ് മുന്‍കൈയെടുത്ത് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ കോവിഡ് പരിശോധനയും ഒരുക്കിയിരുന്നു.
ചുറ്റുമുള്ള സാലെം മാര്‍ക്കറ്റ്, പഴം, പച്ചക്കറി, മാംസ മാര്‍ക്കറ്റുകള്‍ തുറന്നപ്പോഴും ഇറാനി മാര്‍ക്കറ്റിനു തുറക്കാനുള്ള അനുമതി അൽപം വൈകിയിരുന്നു. സ്ഥാപനങ്ങളുടെ അടച്ചുറപ്പും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം തുറന്നാല്‍ മതിയെന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.
ഈ മാസം 15ന് പുതിയ മോടിയോടെ തുറക്കാനിരുന്നതായിരുന്നു ഇറാനി മാര്‍ക്കറ്റ്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ഉണ്ടായ അപകടം എല്ലാ സ്വപ്നങ്ങളെയും ചാരമാക്കി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങളും കപ്പലുകളും നിന്ന് തുടങ്ങുന്നത് കണ്ട കച്ചവടക്കാര്‍ വരാനിരിക്കുന്ന രണ്ട് പെരുന്നാളിനെ കണ്ട് മുന്‍കൂട്ടി കൂടുതല്‍ ചരക്കുകള്‍ ഇറക്കിയിരുന്നു. അതിനിടക്ക് കോവിഡ് മഹാമാരി ലോക്ഡൗൺ ആക്കിയപ്പോള്‍ സാധനങ്ങളെല്ലാം കടക്കുള്ളിലായിപ്പോയി. തെൻറ കടയിലെ 15 ലക്ഷം ദിര്‍ഹമിെൻറ സാധനങ്ങള്‍ ഏതാനും നേരം കൊണ്ട് അഗ്നി വിഴുങ്ങുന്നത് നിര്‍വികാരനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ എന്ന് മാര്‍ക്കറ്റില്‍ ചെരിപ്പ് കച്ചവടം ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി കുറുവ സ്വദേശി കമറുദ്ദീന് വിലപിക്കുന്നു.
20 വര്‍ഷമായി അജ്മാനിലുള്ള കമറുദ്ദീെൻറ എല്ലാ ഒരുക്കൂട്ടലുകളുമാണ് തെൻറ കണ്മുന്നില് അഗ്നി വിഴുങ്ങിയത്. ഈ മാര്‍ക്കറ്റില്‍ ബെഡ്, ബ്ലാങ്കറ്റ്, കാര്‍പറ്റ് എന്നിവ കച്ചവടം ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ശംസുദ്ദീെൻറ രണ്ട് കടകളാണ് അഗ്നിക്കിരയായത്. ഏകദേശം നാലു ലക്ഷം ദിര്‍ഹമിെൻറ നഷ്ടമാണ് ഇദ്ദേഹത്തിന്. മറ്റൊരു കച്ചവടക്കാരനായ പയ്യന്നൂര്‍ സ്വദേശി മുത്തലിബിെൻറ രണ്ട് കടകള്‍ കത്തി നശിച്ചു. രണ്ട് ലക്ഷത്തിെൻറ കച്ചവട സാധനങ്ങളാണ് കടയില്‍ ഉണ്ടായിരുന്നത്. ഇതേ അവസ്ഥ തന്നെയായിരുന്നു ജാഫര്‍, മുസ്തഫ അടക്കമുള്ള എല്ലാ കച്ചവടക്കാര്‍ക്കും അവിടത്തെ തൊഴിലാളികള്‍ക്കും. അടച്ചിട്ട് അറ്റകുറ്റപ്പണി നടക്കുന്ന സമയമായതിനാല്‍ ജീവഹാനി പോലുള്ള വലിയ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു.
തുറന്ന മാര്‍ക്കറ്റ് ആയതിനാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ എന്നൊന്നും ഇവര്‍ക്ക് അറിയില്ല. സ്ഥാപനങ്ങള്‍ തനിച്ച് ഇന്‍ഷുര്‍ ചെയ്തിട്ടില്ലെന്നും വ്യാപാര കേന്ദ്രം മുഴുവനായി ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടോ എന്നറിയില്ല എന്നും കച്ചവടക്കാര്‍ പ്രതികരിച്ചു. ചെറുകിട കച്ചവടക്കാരായ അധിക പേരും മേല്‍ വാടകക്ക് എടുത്ത കടകളായതിനാല്‍ നഷ്ടം സ്വയം സഹിക്കേണ്ടിവരും. ബലിപെരുന്നാളിന് തുറക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ബലി പെരുന്നാൾ വിപണി സ്വപ്നംകണ്ട് ഉറങ്ങിയ കച്ചവടക്കാര്‍ക്ക് പെരുന്നാള്‍ കച്ചവടവും ലഭിക്കാത്ത അവസ്ഥയില്‍ മഹാമാരിയുടെ നടുവിലെ ഇടിത്തീ ഓര്‍ക്കാന്‍ പോലും കഴിയാത്ത നൊമ്പരങ്ങളാണ് ഈ ചാരക്കൂന സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.