വിളവിന്റെ പാഠങ്ങളൊരുക്കി അജ്മാൻ ഹാബിറ്റാറ്റ് സ്കൂള്‍
text_fieldsആധുനിക വിദ്യാഭ്യാസത്തോടൊപ്പം കാര്‍ഷിക രീതികള്‍ കൂടി കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂള്‍. സ്കൂള്‍ മുറ്റം തന്നെ പച്ചപ്പ് കൊണ്ട് നിറച്ചിരിക്കുന്ന ഇവിടം ക്ലാസ് മുറിയിലിരിക്കുന്ന കുട്ടികള്‍ക്ക് പുറത്തെ ഹരിതാഭം നിറഞ്ഞ മനസ്സോടെ കാണാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
സ്കൂളിലെ ഭൂരിഭാഗം ക്ലാസ് മുറികളില്‍ നിന്നും ഈ മനോഹരമായ കാഴ്ച്ച കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ആധുനിക സാങ്കേതികവിദ്യയടക്കമുള്ള വിദ്യാഭ്യാസം പകര്‍ന്ന് നല്കുമ്പോഴും മനുഷ്യന് മണ്ണില്‍ നട്ടുവളര്‍ത്തുന്ന വിഭവങ്ങള്‍ സ്വന്തമായി വിളയിച്ചെടുക്കാനുള്ള അറിവും പ്രായോഗികമായി പകര്‍ന്നു നല്‍കുകയാണ് സ്കൂള്‍ അധികൃതര്‍. ഹാബിറ്റാറ്റിന്റെ അജ്മാനിലെ മൂന്ന് സ്കൂളുകളിലും കൃഷിയുടെ ബാല പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ഓരോ അധ്യയന വര്‍ഷത്തിലും നിരവധി വിഭവങ്ങളാണ് ഇവിടങ്ങളില്‍ വിളവെടുക്കുന്നത്. കുട്ടികള്‍ തന്നെ മണ്ണ് ഉഴുത് വിത്ത് നട്ട്, വെള്ളവും വളവും നല്കി വളർത്തിയെടുക്കുന്നതാണ് ഈ വിഭവങ്ങള്‍. വിളവെടുക്കുന്ന വിഭവങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്.
ഡിജിറ്റല്‍ സംവിധാനങ്ങളില്‍ കണ്ണ് നട്ടിരിക്കുന്ന ആധുനിക യുവതക്ക് പച്ചപ്പിന്റെ കണ് കുളിര്‍മ്മ നല്കുന്ന പുതിയ അധ്യയന രീതികളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. പുതിയ അധ്യയന വര്‍ഷം ഏറെ പിന്നിടുമ്പോഴേക്കും കുട്ടികള്‍ അവരുടെ പരിശ്രമങ്ങളുടെ ഫലമെന്നോണം ഈയിടെ വിവിധയിനം പച്ചക്കറികള്‍ വിളവെടുത്തു.
വെണ്ട, കക്കിരി, ചീര മുതലായ പച്ചക്കറികൾ ആണ് ആദ്യപടിയായി വിളവെടുത്തത്. സ്കൂൾ ക്യാമ്പസ്സിൽ തന്നെ ഹൈടെക് രീതിയിൽ സജ്ജീകരിച്ച ഗ്രീൻ ഹൗസിൽ വിളഞ്ഞു നിൽക്കുന്ന കക്കിരി വിളവെടുക്കുവാന്‍ ഏറെ ഉത്സാഹത്തോടെയാണ് വിദ്യാര്‍ഥികള്‍ വന്നെത്തിയത്. എല്ലാ അധ്യയന വർഷവും നിശ്ചിത സമയങ്ങളിൽ വിളവെടുപ്പ് നടന്നിരുന്നു എങ്കിലും കോവിഡിന് ശേഷം കുട്ടികൾ കൃഷിയിടങ്ങളിൽ സജീവമായി ഇറങ്ങിത്തുടങ്ങിയത് ഈ വർഷം മുതലാണ്.
വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികൾ തന്നെ സ്കൂൾ കൗണ്ടറിൽ രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കുമായി വിൽക്കുകയും അതിൽ നിന്നും ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനയോഗിക്കുകയും ചെയ്യുകയാണ് പതിവ്. പഠനത്തോടൊപ്പം കൃഷിയും സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്ന പഠന രീതിയാണ് ഈ സ്കൂൾ തുടർന്ന് വരുന്നത്. 1500ൽ ഏറെ മരങ്ങളാലും ചെടികളാലും സമൃദമാണ് ഈ സ്കൂൾ ക്യാമ്പസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.