അജ്മാന് 370 കോടി ദിർഹമിന്റെ ബജറ്റ്
text_fieldsഅജ്മാന്: എമിറേറ്റിന്റെ 2025ലെ പൊതു ബജറ്റിന് അജ്മാൻ ഭരണാധികാരി അംഗീകാരം നൽകി. 370 കോടി ദിർഹമിന്റെ ബജറ്റിനാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അംഗീകാരം നല്‍കിയത്.
എമിറേറ്റിന്റെ വികസന പദ്ധതികളെ പിന്തുണക്കുക, സാമൂഹിക ക്ഷേമം വർധിപ്പിക്കുക, പൊതുജന ആവശ്യങ്ങൾ നിറവേറ്റുക, ജീവിതത്തിനും ജോലിക്കും വിനോദസഞ്ചാരത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ അജ്മാന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. സമൂഹ വികസനം, പൊതു സുരക്ഷ, അടിസ്ഥാന സൗകര്യ പദ്ധതികൾ, സാമൂഹിക സൗകര്യങ്ങൾ, സാമ്പത്തിക വികസന പദ്ധതികൾ, നിക്ഷേപ ആകർഷണം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സംരംഭങ്ങൾ, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ഡിജിറ്റൽ പരിവർത്തനത്തിനും ബജറ്റ് ഉയര്‍ന്ന പരിഗണന നല്കുന്നു.
ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുക, സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡിജിറ്റൽ ഗവൺമെന്റ് കെട്ടിപ്പടുക്കുക, മികച്ച ഉപഭോക്തൃ സേവനങ്ങൾ നൽകുക എന്നിവയാണ് 2025ലെ ബജറ്റിന്റെ ലക്ഷ്യങ്ങൾ. റോഡ് ശൃംഖലകൾ, പാർക്കുകൾ, ഹരിത ഇടങ്ങൾ എന്നിവയുടെ വികാസത്തെ സഹായിക്കുക, ഹരിത നിർമാണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നിവക്ക് വലിയ പ്രാമുഖ്യം നല്‍കുന്നുണ്ട് പുതിയ ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.