അജ്മാന് ലിവ ഈത്തപ്പഴമേളക്ക് തുടക്കം
text_fieldsഅജ്മാന് ലിവ ഈത്തപ്പഴമേള ഉദ്ഘാടനം ചെയ്ത അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍
ഹുമൈദ് അല്‍ നുഐമി സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നു
അജ്മാന്: രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്മാന് ലിവ ഈത്തപ്പഴമേളക്ക് തുടക്കമായി. ജൂലൈ 24 മുതല്‍ 28 വരെ അഞ്ചു ദിവസം നീളുന്ന മേള അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ കാര്‍മികത്വത്തില്‍ അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അജ്മാന് ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ പ്രദര്‍ശനം നടക്കുന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം ശൈഖ് അമ്മാര്‍ പ്രദര്‍ശന നഗരിയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
കൃഷിയിടങ്ങൾ എങ്ങനെ പരിപാലിക്കണം, മണ്ണ് പരിശോധന, സംസ്കരണം എന്നിവയെക്കുറിച്ചുള്ള ഫാം ഉടമകളിൽ നിന്നുള്ള വിശദീകരണം അജ്മാനിലെ കിരീടാവകാശി ശ്രദ്ധിച്ചു. കൃഷിയിടങ്ങൾ വിപുലീകരിക്കുന്നതിനും ഉൽപാദനത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അവരുടെ ശ്രമങ്ങളെ കിരീടാവകാശി പ്രശംസിക്കുകയും ചെയ്തു.
ഈന്തപ്പഴം, നാടൻ തേൻ ഉൽപന്നങ്ങൾ എന്നിവയിൽ നിന്നുള്ള പലതരം മധുരപലഹാരങ്ങൾ കൂടാതെ ഫലപുഷ്ടിയുള്ള ഈത്തപ്പഴങ്ങളും നാടൻ പഴങ്ങളുമടക്കം നിരവധി ഉല്പന്നങ്ങള് ഉത്സവത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട നിരവധി വര്‍ക്ക് ഷോപ്പുകളും പരമ്പരാഗത കലാപ്രകടനങ്ങളും മേളയോടനുബന്ധിച്ച് ദിനവും അരങ്ങേറും. ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെയാണ് മേള നടക്കുന്നത്. മേളയില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം സൗജന്യമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.