'15 മിനിറ്റ് നഗരങ്ങൾ' പദ്ധതിയുമായി അജ്മാന് നഗരസഭ
text_fieldsഅജ്മാന്: താമസ സ്ഥലത്തുനിന്ന് 15 മിനിറ്റിൽ എത്താനാവുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന '15 മിനിറ്റ് നഗരങ്ങൾ' പദ്ധതിയുമായി അജ്മാന് നഗരസഭ. താമസിക്കുന്ന സ്ഥലത്തുനിന്ന് പൊതുഗതാഗതം, സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവയുടെ സഹായത്താല്‍ എല്ലാ ആവശ്യങ്ങളും സൗകര്യങ്ങളും കണ്ടെത്താൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് അജ്മാന് നഗരസഭ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സുസ്ഥിരവികസനം കൈവരിക്കാൻ ആവശ്യമായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം രൂപപ്പെടുത്തിയത്. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും പ്രയോഗിച്ച് വിജയിച്ച ആശയമനുസരിച്ച്, അജ്മാൻ എമിറേറ്റിെൻറ സ്വഭാവത്തിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് നഗരസഭ അടിസ്ഥാന സൗകര്യവികസന വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
സമൂഹത്തിന് ഉയർന്ന സുഖസൗകര്യങ്ങളും ആഡംബരങ്ങളും ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനാൽ ഈ സംരംഭം മികച്ച ജീവിതനിലവാരം ഉറപ്പാക്കും. പൊതു-സ്വകാര്യ മേഖലകളിലെ പ്രധാന പങ്കാളികളുമായി സഹകരിച്ച് 2030 വരെ 15 മിനിറ്റ് നഗരങ്ങൾ എന്ന ആശയം നടപ്പാക്കാൻ വകുപ്പ് പ്രവർത്തിക്കുമെന്ന് ഇബ്‌ൻ ഒമൈർ വിശദീകരിച്ചു. പൊതുഗതാഗതവും ഇലക്ട്രിക് സൈക്കിൾ പോലുള്ള ആധുനിക ഗതാഗത മാർഗങ്ങളും ഉപയോഗിക്കാനും നടക്കാനും എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതിനാൽ ഈ സംരംഭം ഒരു നല്ല ജീവിതശൈലി മാറ്റത്തിന് കാരണമാകും. സമൂഹത്തെ ഉൾപ്പെടുത്തുന്നതിന് പുറമെ, ആശയം നടപ്പാക്കാൻ അടുത്ത പരിസരങ്ങളിലായി വീടുകൾ, പാർക്കുകൾ, ഓഫിസുകൾ, റസ്റ്റാറൻറുകൾ, സ്കൂളുകൾ തുടങ്ങിയ നിരവധി സംരംഭങ്ങൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.