ഡിജിറ്റല്‍ പുതുമകളോടെ അജ്മാന് മ്യുസിയം
text_fieldsഅജ്മാന് മ്യുസിയത്തിലെ പഴയ മാർക്കറ്റിന്റെ മോഡൽ
അജ്മാൻ: രാജ്യത്തിന്റെ പൗരാണിക ചരിത്രം വിളിച്ചോതുന്ന കേന്ദ്രമാണ് അജ്മാനിലെ മ്യുസിയം. ഡിജിറ്റല്‍ സംവിധാനങ്ങളുടെ അകമ്പടിയോടെ പൗരാണിക ചരിത്രങ്ങള്‍ പുതു തലമുറക്ക് പകര്‍ന്നു നല്കുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇവിടെ. അറബ് ജനതയുടെ പുരാതന കാലത്തെ ജീവിതം, സംസ്കാരം, വ്യാപാര സംവിധാനങ്ങള്‍, ചികിത്സ രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതാണ് മ്യുസിയത്തിലെ കാഴ്ച്ചകള്‍. ഈ ചരിത്ര സംഭവങ്ങളെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്താല്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു നല്കുന്ന പുതിയ സംവിധാനമാണ് പുതുതായി ഒരുക്കിയത്. വിവിധ വിഭാഗങ്ങളിലായി ഒരുക്കിയ ചരിത്ര സംഭവങ്ങളെക്കുറിച്ച വിവരണങ്ങള്‍ അതാത് മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ സ്ക്രീനിലെ വിവരണങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് ലഭ്യമാകും. അൽ മുവൈഹത്ത് പ്രദേശത്ത് നിന്ന് കണ്ടെടുത്ത ബി.സി 2000 -2600 കാലയളവിലുള്ള ജനത ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും ആഭരണങ്ങളും രേഖകളും ഈ മ്യുസിയത്തിന്റെ പ്രധാന ആകര്‍ഷണമാണ്. അജ്മാന് ജനതയുടെയുടെയും ഭരണാധികാരികളുടെയും ജീവിതചരിത്രം പ്രത്യേകമായി ബിഗ് സ്ക്രീനില്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പൗരാണികതയുടെ മഹിമ നഷ്ടപ്പെടാതെയാണ് അജ്മാന് മ്യുസിയം സജ്ജീകരിച്ചത്. അജ്മാന് നഗരത്തോട് അടുത്ത് സ്ഥിതിചെയ്യുന്ന ഈ മ്യുസിയത്തിന്റെ കെട്ടിടം പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. പഴയകാലത്ത് ഇത് അജ്മാന് ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു. ഐക്യ ഇമാറാത്ത് നിലവില്‍ വന്നതിനുശേഷം ഈ കെട്ടിടം പൊലീസ് സ്റ്റേഷനായി മാറ്റി. പിന്നീടാണ് ഈ കേന്ദ്രം മ്യുസിയമാക്കി മാറ്റുന്നത്. 1991ൽ അന്തരിച്ച യു.എ.ഇ രാഷ്ട്രപതി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനാണ് അജ്മാൻ മ്യൂസിയം ഔദ്യോഗികമായി ആദ്യം ഉദ്ഘാടനം ചെയ്തത്. ഏറെ പുതുമകളോടെ അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് മ്യൂസിയം കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും തുറന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.