തടവുകാരുടെ കുടുംബങ്ങള്‍ക്ക് ഈദ് പുടവ ഒരുക്കി അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍: ജയിൽ തടവുകാരുടെ കുടുംബങ്ങള്‍ക്ക് ഈദ് പുടവയൊരുക്കി അജ്മാന്‍ പൊലീസ്. 150 തടവുകാരുടെ കുടുംബങ്ങള്‍ക്കാണ് അജ്മാന്‍ ഈദുല്‍ ഫിതര്‍ പ്രമാണിച്ച് പെരുന്നാള്‍ വസ്ത്രങ്ങള്‍ കൈമാറിയത്.
ജയിലിലെ അന്തേവാസികളോടും അവരുടെ കുടുംബങ്ങളോടുമുള്ള സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും അത് വഴി അവരുടെ ജീവിതം മെച്ചപ്പെടുത്തുകലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അജ്മാന്‍ പൊലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അജ്മാൻ പൊലീസ് ജനറൽ കമാൻഡ് ഫറജ് ഫണ്ട് ഫൗണ്ടേഷനുമായി സഹകരിച്ച് ഒന്നര ലക്ഷം ദിര്‍ഹം ചിലവഴിച്ചാണ് ഈദ് പുടവ പദ്ധതി നടപ്പിലാക്കുന്നത്. അനുഗ്രഹീതമായ റമദാൻ മാസത്തിന്‍റെയും ആസന്നമായ ഈദുൽ ഫിത്തറിന്‍റെയും ഭാഗമായി തടവുകാരുടെ കുട്ടികളിലും കുടുംബങ്ങളുടെയും ഹൃദയങ്ങളിൽ സന്തോഷം കൊണ്ടുവരുന്നതിനായാണ് ഫറജ് ഫണ്ട് ഫൗണ്ടേഷന്‍റെ ഏകോപനത്തിലും സഹകരണത്തിലും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്താനുള്ള അജ്മാൻ പൊലീസിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈദ് വസ്ത്രസംരംഭം നടപ്പാക്കുന്നതെന്ന് അജ്മാൻ പൊലീസ് വകുപ്പ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി പറഞ്ഞു.
ഈദുല്‍ ഫിത്ര്‍ പ്രമാണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തടവിലായ 103 തടവുകാരെ മോചിപ്പിക്കുമെന്ന് അജ്മാന്‍ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി 50 ലക്ഷം ദിര്‍ഹം ജീവകാരുണ്യ സംഘടനകളുടെ സഹായത്തോടെ ചിലവഴിക്കുമെന്നും അജ്മാന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.