വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടുപടിക്കല്‍ സേവനമൊരുക്കി അജ്മാന് പൊലീസ്
text_fieldsഅജ്മാൻ: മുതിര്‍ന്ന പൗരന്മാര്ക്കും നിശ്ചയദാർഢ്യ വിഭാഗക്കാര്‍ക്കും അവരുടെ വീടുകളിലെത്തി സേവനങ്ങൾ ഒരുക്കുകയാണ് അജ്മാന് പൊലീസ്. ജീവിതഗതിയില്‍ മറ്റുള്ളവരെപ്പോലെ ഇടപെടാന്‍ കഴിയാത്തവര്‍ക്കാണ് അജ്മാന് പൊലീസ് സേവനം ഒരുക്കുന്നത്. ഇൻഷുറൻസ് ബ്രോക്കർമാരുടെയും സെക്യൂരിറ്റി സർവീസസ് സപ്പോർട്ട് അതോറിറ്റിയുടെ ഫാസ്റ്റ് വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് സെന്ററിന്റെയും സഹകരണത്തോടെയാണ് 'ടു യുവർ സർവീസ്' എന്ന പേരില്‍ പൊലീസ് സേവനങ്ങള്‍ ഒരുക്കുന്നത്. വാഹന പരിശോധന സേവനം, ഉടമസ്ഥാവകാശം പുതുക്കൽ സേവനം, വാഹന ഇൻഷുറൻസ് സേവനങ്ങൾ, പാർക്കിങ് എന്നിവയടക്കം നിരവധി സേവനങ്ങൾ ഉൾപ്പെടുന്നവയാണ് പദ്ധതി.
ഇതിനായി പ്രത്യേകം വിഭാഗത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കാലഹരണപ്പെടാൻ പോകുന്ന ഇത്തരക്കാരെ പൊലീസ് കേന്ദ്രത്തിലെ ജീവനക്കാരൻ ബന്ധപ്പെടും. വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കുന്നതിന് സേവനം ആവശ്യമെങ്കില്‍ ആളെ വിടുമെന്ന് അറിയിക്കും. വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പരിശോധന പൂർണമായാല് ഉടമസ്ഥാവകാശ രേഖ അവിടെ വെച്ച് തന്നെ കൈമാറുകയാണ് ചെയ്യുന്നത്. വാഹനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന പൗരന്മാര്ക്കും നിശ്ചയദാർഢ്യക്കാക്കും ഒരാവശ്യത്തിനും വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് സെന്റര്‍ സന്ദര്‍ശിക്കേണ്ട സാഹചര്യം വരുന്നില്ല.
മുതിർന്ന പൗരന്മാരുടെയും നിശ്ചയദാർഢ്യമുള്ളവരുടെയും സംതൃപ്തിയും സന്തോഷവും വർദ്ധിപ്പിക്കുന്ന വിധത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.