ഇ-ബൈക്ക് ഉപഭോക്താക്കള്‍ക്ക് അജ്മാനിൽ ബോധവത്കരണം
text_fieldsഅജ്മാന്: ഇലക്ട്രിക് ബൈക്ക് ഉപഭോക്താക്കള്‍ക്ക് ബോധവത്കരണ കാമ്പയിനുമായി അജ്മാൻ പൊലീസ്. ഇലക്ട്രിക് ബൈക്ക് വഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷിതമായ ട്രാഫിക് അന്തരീക്ഷം സൃഷ്ടിക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് കാമ്പയിൻ ആരംഭിച്ചതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ റാശിദ് ഖലീഫ ബിൻ ഹിന്ദി പറഞ്ഞു.
ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുമ്പോള്‍ ഹെൽമറ്റ് ധരിക്കുക, ഡ്യുവൽ ഹെഡ്ഫോണുകൾ ഉപയോഗിക്കാതിരിക്കുക, കാല്‍നട യാത്രക്കാര്‍ക്കായി നിശ്ചയിച്ച സ്ഥലങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ഒരാള്‍ മാത്രം യാത്ര ചെയ്യുക, വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെക്കുന്നുണ്ട്.
ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കും മറ്റ് ബൈക്കുകൾക്കും കാൽനടയാത്രക്കാർക്കും ഇടയിൽ മതിയായ സുരക്ഷ അകലം പാലിക്കുക, പൊതുജനങ്ങൾക്കോ മറ്റ് ഉപയോക്താക്കൾക്കോ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക, മുന്നിലും പിന്നിലും ലൈറ്റുകൾ സ്ഥാപിക്കുക എന്നിവയും കാമ്പയിനിന്റെ ഭാഗമായി ബോധവത്കരിക്കുമെന്ന് ലെഫ്. കേണൽ ബിൻ ഹിന്ദി വിശദീകരിച്ചു. രാത്രിയിൽ സവാരി ചെയ്യുമ്പോൾ സുരക്ഷാ നിർദേശങ്ങൾ, പ്രതിരോധ ആവശ്യകതകൾ, ചട്ടങ്ങൾ എന്നിവ പാലിക്കാനും പൊലീസ് നിര്‍ദേശിച്ചു. വിവിധ ഭാഷകളില്‍ സുരക്ഷ മുൻകരുതലുകളെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിങ് നിർദേശങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെയും വിവിധ പ്രിന്റ്, ഓഡിയോ മീഡിയയിലൂടെയും ഇലക്ട്രിക് ബൈക്ക് ഉപയോക്താക്കളെ കാമ്പയിന്റെ ഭാഗമായി ബോധവത്കരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.