റോഡ് സുരക്ഷ കാമ്പയിനുമായി അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍: റോഡ് സുരക്ഷ കാമ്പയിനുമായി അജ്മാന്‍ പൊലീസ്. വാഹനങ്ങളുടെ പാതകളില്‍ പാലിക്കേണ്ട സുരക്ഷ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണിത്. അനുവദനീയ സ്ഥലങ്ങളിൽ മാത്രമാണ് വാഹനം മറികടക്കുന്നതെന്ന് ഉറപ്പുവരുത്തും. നിർദിഷ്ട വേഗതയുള്ള റോഡുകളിലെ നിയമലംഘനം നിരീക്ഷിക്കും.
ഗതാഗത നിയമലംഘനങ്ങളെയും തെറ്റായ പെരുമാറ്റങ്ങളെയും കുറിച്ച് സമൂഹത്തിലെ അംഗങ്ങൾക്കും റോഡ് ഉപയോക്താക്കൾക്കും അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അജ്മാൻ പൊലീസ് കാമ്പയിൻ നടപ്പാക്കുന്നതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്‍റ് ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
ചില ഡ്രൈവർമാരുടെ പെട്ടെന്നുള്ള ട്രാക്ക് വ്യതിയാനം, നിയമ ലംഘനങ്ങൾ, റോഡിലെ നിർദിഷ്ട വേഗത കവിയുന്നത് തുടങ്ങിയവ അപകടം സൃഷ്ടിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. തെറ്റായ രീതിയിൽ വാഹനം മറികടക്കുന്നത് 600 ദിർഹം പിഴയും ആറ് ട്രാഫിക് പോയന്‍റുകളും പിഴ ചുമത്താവുന്ന കുറ്റമാണ്. റോഡിൽ മുൻഗണന നൽകുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ നിയമലംഘനം നടത്തുന്ന ഡ്രൈവർ ശിക്ഷിക്കപ്പെടും. ഇവര്‍ക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമ്പയിന്‍റെ ഭാഗമായി അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഗതാഗത അവബോധം പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.