രാത്രിയിൽ പുറത്തിറങ്ങാം; സുരക്ഷയിൽ അജ്മാൻ ഒന്നാമത്
text_fieldsഅജ്മാൻ
അജ്മാൻ: രാത്രിയിൽ ഒറ്റക്ക് പുറത്തിറങ്ങുന്നതിന് സുരക്ഷിതമാണ് അജ്മാൻ എമിറേറ്റെന്ന് സെക്യൂരിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കോമ്പിറ്റേറ്റീവ്നസ് സെന്ററിന്റെ ജീവിത ഗുണനിലവാര, സുരക്ഷ സർവേയിൽ പങ്കെടുത്ത 98.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. സർവേയിൽ സുരക്ഷിതത്വം അനുഭവിക്കുന്നതിൽ എമിറേറ്റ് ഒന്നാം സ്ഥാനത്താണെത്തിയിരിക്കുന്നത്. അതോടൊപ്പം ‘ന്യൂംബിയോ’ റിപ്പോർട്ടിൽ ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ അജ്മാൻ ഇടം നേടുകയും ചെയ്തു.
‘അമാൻ’ പട്രോളിങ്ങും സ്മാർട്ട് സെക്യൂരിറ്റി നിരീക്ഷണ സംവിധാനമായ അജ്മാൻ ‘ദാർ അൽ അമാൻ’ സംവിധാനവും ഉൾപ്പെടെയുള്ള പൊലീസിന്റെ പരിശ്രമങ്ങളാണ് ഈ വിജയത്തിന് കാരണമായതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
ടൂറിസ്റ്റ് പട്രോളിങ്, കെട്ടിടങ്ങളിൽ 1.8 ലക്ഷം കാമറകൾ സ്ഥാപിച്ച പദ്ധതി, കുറ്റകൃത്യങ്ങൾ തടയുന്ന പദ്ധതികൾ, മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള സ്മാർട്ട് ഇലക്ട്രോണിക് പട്രോളിങ്, വാർഷിക ബോധവത്കരണ കാമ്പയിനുകൾ, കമ്യൂണിറ്റി പൊലീസിങ് സംരംഭങ്ങൾ തുടങ്ങി നിരവധി സുരക്ഷ നടപടികൾ അജ്മാനിൽ നടപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം കുറ്റകൃത്യങ്ങളുടെ ഇരകളാകുന്ന സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക സഹായവും സംരക്ഷണവും നൽകുന്നതിന് സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്.
ഈ സംവിധാനത്തിന് അമേരിക്കയിലെ ഇന്റർനാഷനൽ പൊലീസ് ചീഫ് അസോസിയേഷന്റെ ക്രൈം വിക്റ്റിംസ് കെയർ അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇതിനൊപ്പം ആറ് പൊലീസ് സേവന കേന്ദ്രങ്ങൾക്ക് പഞ്ചനക്ഷത്ര റേറ്റിങ് ലഭിക്കുകയും ചെയ്തു. ഫോളോ-അപ് കോളുകൾ, പോസിറ്റിവ് ഇന്ററാക്ഷനുകൾ, പ്രായമായവർ, സ്ത്രീകൾ, വൈകല്യമുള്ളവർ എന്നിവർക്കായി നൽകുന്ന സേവനങ്ങൾ തുടങ്ങിയ സംരംഭങ്ങളിലൂടെ സമൂഹവുമായി ഫലപ്രദമായ ആശയവിനിമയം മെച്ചപ്പെടുത്തിയതിന് ന്യൂസിലൻഡിൽ നടന്ന മത്സരത്തിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങും 2022ലെ ബ്രിട്ടീഷ് ഐഡിയാസ് അവാർഡും നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.