അജ്മാന് റോഡ് നിരീക്ഷണത്തിന് സ്മാര്‍ട്ട് സംവിധാനം
text_fieldsഅജ്മാന്: എമിറേറ്റിലെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സ്മാര്‍ട്ട് സംവിധാനം നടപ്പാക്കാനൊരുങ്ങി അജ്മാന് പൊലീസ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നിവയടക്കമുള്ള ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് മോണിറ്ററിങ് സംവിധാനമാണ് നടപ്പാക്കാൻ പോകുന്നത്. പൊലീസ് റോഡ് സുരക്ഷ കാമ്പയിനിന്റെ ഭാഗമായി നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായും സ്മാർട്ട് മോണിറ്ററിങ് സംവിധാനം ഒക്ടോബർ ഒന്നിന് പ്രവർത്തനക്ഷമമാക്കുമെന്നും അജ്മാന് പൊലീസ് വ്യക്തമാക്കി.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ ശ്രദ്ധ തിരിക്കുന്ന മറ്റു ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ലൈസൻസിൽ നാലു ബ്ലാക്ക് പോയന്റും ലഭിക്കാവുന്ന കുറ്റമാണ്. കാറിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും പൊലീസ് അറിയിച്ചു. മുൻവശമുള്ള യാത്രക്കാർക്ക് മാത്രമല്ല, പിറകിലെ യാത്രക്കാരുടെ സുരക്ഷക്കും സീറ്റ് ബെൽറ്റ് ഉപകരിക്കും.
പിറകിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാലു ബ്ലാക്ക് പോയന്റും ലഭിക്കും. റോഡ് ഉപഭോക്താക്കളുടെ സുരക്ഷക്കായി ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പൊലീസ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിലടക്കം പൊലീസിന്റെ പ്രതികരണം വർധിപ്പിക്കാൻ നിർമിത ബുദ്ധി ഉപയോഗിച്ചാണ് ഈ സ്മാര്‍ട്ട് ഗേറ്റുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.