മികച്ച നേട്ടത്തിൽ അജ്മാൻ വിനോദസഞ്ചാരം
text_fieldsഅജ്മാനിലെ വിനോദ സഞ്ചാര മേഖല മികച്ച നേട്ടം കൈവരിക്കുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലയളവിൽ നേടിയ വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണ് വിനോദ സഞ്ചാര മേഖല നിലവിലെന്ന് അജ്മാനിലെ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ ഖദീജ മുഹമ്മദ് തുർക്കി വ്യക്തമാക്കുന്നു. എമിറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഹോട്ടൽ സൗകര്യങ്ങൾക്കും വർധിച്ചുവരുന്ന ആവശ്യം ഇത് വ്യക്തമാക്കുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ എമിറേറ്റിലെ ഹോട്ടൽ താമസക്കാരുടെ വളർച്ച 70ശതമാനം വരെ ഉയര്‍ന്നു. എമിറേറ്റിലെ ഹോട്ടൽ മേഖല റെക്കോർഡ് നേട്ടം കൈവരിച്ചു.
എമിറേറ്റിന്‍റെ വിനോദസഞ്ചാര അന്തരീക്ഷം ലോകത്തിലെ ഏറ്റവും മികച്ചതായി വികസിപ്പിക്കുന്നതിനും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ടതും സുസ്ഥിരവുമായ കേന്ദ്രമെന്ന നിലയിൽ സ്ഥാനം ഉയർത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ലോകത്തെ മുഴുവൻ ബാധിച്ച ആഗോള ആരോഗ്യ പ്രതിസന്ധിയുടെ വെളിച്ചത്തിൽ ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ ഫലപ്രാപ്തി കണ്ടതായി സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രാദേശികവും അന്തർദേശീയവുമായ ടൂറിസം ഭൂപടത്തിൽ യു.എ.ഇ പൊതുവെയും അജ്മാൻ എമിറേറ്റ് പ്രത്യേകിച്ചും മുൻനിര സ്ഥാനം ഉറപ്പിക്കുന്നതായി ഖദീജ മുഹമ്മദ് തുർക്കി വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലക്ക് മുതല്‍കൂട്ടാകുന്ന തരത്തില്‍ ഇന്ത്യ, യൂറോപ്പ് തുടങ്ങിയ രാജ്യാന്തര വിപണികളെ അധികമായി ആകർഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതിനായി പൊതു ഗതാഗത മേഖലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് അജ്മാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 58 ലക്ഷം ജനങ്ങള്‍ അജ്മാനിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചതായാണ് കണക്ക്.
ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 42ശതമാനം വർധനയുണ്ടായതായി പൊതുഗതാഗത അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വിനോദ സഞ്ചാര മേഖലക്ക് മുതല്‍കൂട്ടാകും വിധം അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുക എന്നതിന്‍റെ ഭാഗമായി ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 15 കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയില്‍ ഏറെ പ്രാധാന്യമുള്ള അജ്മാന്‍ മ്യുസിയം പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതുക്കിപ്പണിതു.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഡ്രൈവറില്ല വാഹനം അടക്കമുള്ള ആകര്‍ഷണീയമായ പുത്തന്‍ സാങ്കേതിക വിദ്യകളും അജ്മാന്‍ നിരത്തിലിറക്കിയിട്ടുണ്ട്. നിരവധി മത്സരങ്ങളും സമ്മാനങ്ങളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അജ്മാന്‍ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ക്ക് വന്‍ സ്വീകാര്യതാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.