ചുമര്‍ചിത്ര ചന്തത്തിൽ അജ്മാന്റെ തെരുവോരങ്ങള്‍
text_fieldsപുരാതന ചരിത്രം വിളിച്ചോതുന്ന ചുമര് ചിത്രങ്ങളുമായി അജ്മാെൻറ തെരുവോരങ്ങള്‍. അന്തർദേശീയ-ദേശീയ പ്രശസ്തരായ ഏഴ് കലാ പ്രതിഭകളാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അജ്മാൻ അൽ നഖീൽ പ്രദേശത്തെ കെട്ടിട ത്തിന്റെ മുൻവശത്ത് വരച്ച ത്രിമാന ചിത്രമാണ് ഈ ഇനത്തില്‍ ആദ്യമായി പൂർത്തിയാക്കിയത്. ഇംഗ്ലീഷില്‍ അജ്മാന് എന്ന് എഴുതിയ ചിത്രം യു.എ.ഇ യിലെ തന്നെ ഏറ്റവും വലിയ ചുമര്ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.
ആകർഷക നിറങ്ങളോടും രൂപത്തോടും കൂടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഫ്രഞ്ചു കലാകാരൻ ശക്റ്റോ (Shkto) ഈ അസാധാരണ കലാരൂപം പൂര്‍ത്തീകരിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറെ നേട്ടം കൈവരിച്ചതും അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അൽ നുഐമിക്ക് ഏറെ പ്രിയപ്പെട്ടതുമായ സ്കീപ്പ് എന്ന കുതിരയുടെ ചുമര്‍ചിത്രം തീര്‍ത്തത് റാമി എൽസാഗാവി എന്ന കലാകാരനാണ്. പ്രമുഖ ചിത്രകാരന് എല്‍ സീദ് ചുമർചിത്രമാക്കിയത് 1998 ലെ പ്രഥമ ദേശീയ പരിസ്ഥിതി ദിനത്തില്‍ രാഷ്ട്ര പിതാവ് ശൈഖ് സായിദ് നടത്തിയ പ്രശസ്തമായ ഉദ്ധരണിയാണ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിെൻറ പ്രശസ്തമായ 'പോസിറ്റീവ് എനർജി' എന്ന കവിതയിലെ വരികളാണ് ദിയ അല്ലം ഒരുക്കിയത്. യു.എ.ഇയിലെ താമസക്കാര്‍ക്കും സന്ദർശകര്‍ക്കും ബോധവൽക്കരണം നടത്തുകയും അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത് നടപ്പിലാക്കുന്നത്. യു.എ.ഇ യിലെ പരമ്പരാഗത കളികളെ ഇതിവൃത്തമാക്കി ഫാത്തിമ അൽ അലി വരച്ച ചിത്രങ്ങൾ വർണനകൾക്കുമപ്പുറമാണ്.
എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരങ്ങളും ഗുണനിലവാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അജ്മാന് നഗരസഭ അടിസ്ഥാന വികസന മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ചുവർ ചിത്രങ്ങളുടെ പ്രോജക്ട് ടീം മേധാവിയുമായ ഡോ. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈര്‍ അൽ മുഹൈറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.