എ.കെ.എം.ജി വാർഷികാഘോഷം മേയ് 14ന്
text_fieldsദുബൈ: യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എ.കെ.എം.ജി എമിറേറ്റ്സിന്റെ ഇരുപതാം വാർഷികാഘോഷം മേയ് 14ന് അജ്മാനില്‍ നടക്കും. ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അജ്മാന് ഹോട്ടലിലാണ് (പഴയ കെമ്പിന്‍സ്കി ഹോട്ടൽ) ‘ഐഷറീന്‍’ എന്നു പേരിട്ടിരിക്കുന്ന ആഘോഷപരിപാടി നടക്കുക.
യു.എസ്, യു.കെ, കാനഡ, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധർ സമ്മേളനത്തിലും അതോടനുബന്ധിച്ച് ദുബൈ കോണ്‍റാഡ് ഹോട്ടലില്‍ മേയ് 12ന് നടക്കുന്ന അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കും. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും എ.കെ.എം.ജി സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യരക്ഷാധികാരിയാണ്.
എ.കെ.എം.ജി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിലൊരുങ്ങുന്ന ഋതു എന്ന നൃത്ത സംഗീത നാടകമാണ് പരിപാടിയുടെ പ്രധാന ആകർഷണം. നാല് കാലങ്ങളെ (വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം) ആസ്പദമാക്കിയൊരുങ്ങുന്ന പരിപാടിയില്‍ 100ഓളം ഡോക്ടർമാർ ഉൾപ്പെടെ 150ഓളം പേർ ഭാഗമാകും. സംഘടനയിലെ അംഗങ്ങളായ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് നൃത്ത സംഗീത നാടകത്തിന്റെ രചനയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. എ.കെ.എം.ജി വൈദ്യശാസ്ത്ര പുരസ്കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും.
അമേരിക്കയിലെ അർബുദവിദഗ്ധൻ ഡോ. എം.വി. പിള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും അബൂദബിയിലെ ജി -42 സി.ഇ.ഒ ആശിഷ് ഐപ് കോശി യൂത്ത് ഐക്കൺ പുരസ്കാരവും ഏറ്റുവാങ്ങും. സംഘടനയുടെ പുതിയ പ്രസിഡന്റായി ഡോ. നിർമല രഘുനാഥൻ സമ്മേളനത്തിൽ ചുമതലയേൽക്കും. ഭാരവാഹികളായ ജോർജ് തോമസ്, ജോർജ് ജേക്കബ്, ശറഫുല്ല ഖാൻ, ജമാലുദ്ദീൻ അബൂബക്കർ, സുഗു മലയിൽ കോശി, ബിജു ഇട്ടിമാണി, ഫിറോസ് ഗഫൂർ, കെ.എം. മാത്യു തുടങ്ങിയവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.