അക്ഷരക്കൂട്ടം ‘പാട്ടിന്റെ വഴികൾ’ ഹൃദ്യമായി
text_fieldsഷാർജ: അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ച് ‘പാട്ടിന്റെ വഴികൾ’ എന്ന പേരിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ സംഗീതസന്ധ്യ ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. പരിപാടിയിൽ പ്രമുഖ കലാനിരൂപകൻ ഇ. ജയകൃഷ്ണൻ മലയാള ഗാനശാഖയിലെ മൺമറഞ്ഞ മഹാരഥന്മാരുടെ വേറിട്ട സംഗീത അനുഭവങ്ങൾ പങ്കുവെച്ചു.
പി. ഭാസ്കരനിൽ തുടങ്ങി വയലാർ രാമവർമ, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി കുറുപ്പ് തുടങ്ങിയവരുടെ ജീവസ്സുറ്റ വരികളുടെ സൗകുമാര്യം ജയകൃഷ്ണൻ പറഞ്ഞു നൽകിയത് വേറിട്ട അനുഭവമായി. ശൂന്യതയിൽനിന്ന് മൂർത്തരൂപങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന മായാജാലക്കാർ ആയിരുന്നു പഴയകാല സംഗീതജ്ഞരെന്ന് അദ്ദേഹം പറഞ്ഞു.
മലയാള ചലച്ചിത്രഗാനങ്ങളുടെ പിറവി, രചനാ ചരിത്രം, സംഗീതവഴി, ഗാനാലാപനത്തിലെ പ്രത്യേകത, സംഗീതത്തിന്റെ സൗന്ദര്യം എന്നിവ വിശദമായി പ്രതിപാദിച്ചു. കൺവീനർ കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻകുമാർ ഇ. ജയകൃഷ്ണനെ പൊന്നാട അണിയിച്ചു.
കവിയും പ്രഭാഷകനുമായ പി. മണികണ്ഠൻ, ശിൽപി നിസാർ ഇബ്രാഹിം നിർമിച്ച ശിൽപം നൽകി ആദരിച്ചു. മുസ്തഫ പാടൂർ, സുരേന്ദ്രൻ ചാലിശ്ശേരി, ബാബു കുമരനെല്ലൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. അക്ഷരക്കൂട്ടം സിൽവർ ജൂബിലി ചെയർമാൻ ഇ.കെ. ദിനേശൻ, ജനറൽ കൺവീനർ റോയി നെല്ലിക്കോട്.
ഷാജി ഹനീഫ്, പ്രീതി രഞ്ജിത്ത്, സജ്ന അബ്ദുല്ല, ഹമീദ് ചങ്ങരംകുളം, റോജിൻ പൈനുംമൂട്, പ്രവീൺ പാലക്കീൽ, എം.സി. നവാസ്, യൂസഫ് സഗീർ എന്നിവർ സംസാരിച്ചു. പൊന്നാനി കൂട്ടായ്മ, പൊന്നാനി എം.ഇ.എസ് കോളജ് അലുമ്നി എന്നിവക്ക് വേണ്ടി യാക്കൂബ് ഹസൻ, സക്കീർ, മുജീബ് എന്നിവരുടെ നേതൃത്വത്തിൽ ജയകൃഷ്ണനെയും ഭാര്യ പ്രസീദയെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.