അക്ഷരക്കൂട്ടം സിൽവർ ജൂബിലി സമാപനവും ഇഫ്താർ വിരുന്നും
text_fieldsഅക്ഷരക്കൂട്ടം സിൽവർ ജൂബിലി സമാപനത്തിലും ഇഫ്താർ വിരുന്നിലും പങ്കെടുത്തവർ
ദുബൈ: അക്ഷരക്കൂട്ടത്തിന്റെ ഒരു വർഷക്കാലം നീണ്ട സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇഫ്താർ വിരുന്നും ഗർഹൂദിലെ ബ്ലൂ സിറ്റി റസ്റ്റാറന്റിൽ നടന്നു. സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളെക്കുറിച്ച് അവലോകനത്തിനും ചർച്ചകൾക്കും ശേഷം പുതിയ അഡ്മിൻ പാനൽ ചുമതലയേറ്റു.
അക്ഷരക്കൂട്ടത്തിന്റെ ആരംഭവും മുൻകാല പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് ഹ്രസ്വ ചരിത്രം ഷാജി ഹനീഫ് പങ്കുവെച്ചു. പുതിയ പാനലിന്റെ നേതൃത്വത്തിൽ സ്മരണികയും സാംസ്കാരിക പ്രവർത്തനങ്ങളുടെ 25 വർഷങ്ങൾ എന്ന പേരിൽ സമാഹാരവും പ്രകാശനം ചെയ്യാൻ തീരുമാനിച്ചു.
സ്മരണികയുടെ എഡിറ്റർമാരായി ഹമീദ് ചങ്ങരംകുളം, എം.സി. നവാസ് എന്നിവരെയും സമാഹാരത്തിന്റെ എഡിറ്റർമാരായി ഉണ്ണിക്കൃഷ്ണൻ കൊട്ടാരത്തിൽ, റീന സലിം, റസീന ഹൈദർ എന്നിവരെയും ചുമതലപ്പെടുത്തി. സാംസ്കാരിക പ്രവർത്തനങ്ങളുടെ 25 വർഷങ്ങൾ എന്ന വിഷയത്തിൽ പൊതുമത്സരം നടത്താനും മികച്ച 10 സൃഷ്ടികൾ
സ്മരണികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. അക്ഷരക്കൂട്ടം വാട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങൾക്കായി പുസ്തകാസ്വാദനം, പുസ്തകചർച്ച, സർഗാത്മക എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സമകാലിക വിഷയങ്ങൾ, സിനിമ എന്നിവയെക്കുറിച്ചുമുള്ള ചർച്ചകൾ സംഘടിപ്പിക്കും.
കൂടാതെ അംഗങ്ങൾക്ക് സ്വന്തം കൃതികൾ അവതരിപ്പിക്കാനും പുസ്തകപരിചയം, പദ്യപാരായണം എന്നിവക്കും അവസരങ്ങൾ ലഭ്യമാക്കും. ഓണാഘോഷം, മുഖാമുഖം, കൂടിക്കാഴ്ചകൾ എന്നിവയാണ് മറ്റു പരിപാടികൾ. ഇസ്മയിൽ മേലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എം.സി. നവാസ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറഞ്ഞു. ഇ.കെ ദിനേശൻ, ഹമീദ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.