ശൈഖ് ഖലീഫയുടെ ഓർമകളിൽ അൽ ഐൻ ഗ്രാൻഡ് ഖലീഫ മസ്ജിദ്
text_fieldsഅബൂദബി: അൽ ഐൻ നഗരത്തിലെ ശൈഖ് ഖലീഫ പള്ളിയുടെ മിനാരങ്ങളിൽനിന്നുയരുന്ന ബാങ്കൊലികളിൽ ഇനി ശൈഖ് ഖലീഫയുടെ ഓർമകൾ നിറഞ്ഞുനിൽക്കും. രാജ്യത്തെ വളർച്ചയുടെ പുരോഗതിയിലേക്ക് നയിച്ച യു.എ.ഇയുടെ വികസന നായകൻ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ളതാണ് കഴിഞ്ഞവർഷം ഏപ്രിലിൽ വിശ്വാസികൾക്ക് തുറന്നുകൊടുത്ത അൽ ഐൻ ഗ്രാന്റ് ഖലീഫ പള്ളി. മാനവമൈത്രിയുടെയും മനുഷ്യസാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അബൂദബി എമിറേറ്റിലെ ഉദ്യാനനഗരമായ അൽ ഐൻ നഗരത്തിൽ 2013ൽ തന്റെ പേരിലുള്ള ശൈഖ് ഖലീഫ പള്ളിക്ക് അദ്ദേഹം നിർമാണാനുമതി നൽകിയത്.
അദ്ദേഹത്തിന്റെ ജന്മസ്ഥലം കൂടിയാണ് അൽ ഐൻ. 2021 ഏപ്രിൽ 12ന് നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. യു.എ.ഇയിലെ ഏറ്റവും വലിയ പള്ളികളുടെ ഗണത്തിൽ വരുന്നതും അൽ ഐൻ നഗരത്തിലെ ഏറ്റവും വലിയ ജുമാമസ്ജിദുമാണിത്.
നിർമാണവൈദഗ്ധ്യം കൊണ്ടും കെട്ടിലും മട്ടിലും കൺകുളിർമയേകുന്ന വ്യത്യസ്ത കാഴ്ചയാണ് ഖലീഫ മസ്ജിദിന്.അല്‍ ഐന്‍ നഗരത്തിലെ മഅ്ഹദ് പ്രദേശത്ത് തലയുയർത്തിനിൽക്കുന്ന പള്ളിയുടെ പ്രധാന ആകർഷണങ്ങൾ പ്രൗഢിനിറഞ്ഞ ഖുബ്ബയും (താഴികക്കുടം) മാനംമുട്ടെ ഉയർന്നുനിൽക്കുന്ന നാലു മിനാരങ്ങളുമാണ്.
2.57 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പള്ളിയിൽ 2 0,000ത്തിലധികം പേര്‍ക്ക് ഒരേസമയം നമസ്കരിക്കാൻ സൗകര്യമുണ്ട്. 4417 ചതുരശ്രയടി വലുപ്പമുള്ളതും 25 മീറ്റര്‍ ഉയരമുള്ളതുമായ ഖുബ്ബയുടെ പുറംഭാഗത്ത് സംവിധാനിച്ചിരിക്കുന്ന സ്വർണ നിറത്തിലുള്ള ഖുര്‍ആന്‍ സൂക്തങ്ങളുടെ കാലിഗ്രഫി ഏറെ ശ്രദ്ധേയമാണ്.
താഴികക്കുടത്തിന് താഴെ മാത്രം 5200 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുണ്ട്. 60 മീറ്റര്‍ ഉയരമുള്ള നാല് മിനാരങ്ങൾ നാല് ഭാഗങ്ങളിലായി തലയെടുപ്പോടെ നിൽക്കുന്നതാണ് മസ്ജിദിന്റെ ആകർഷണങ്ങളിൽ മറ്റൊന്ന്. ഓരോ മിനാരവും ഏറെ ദൂരെ നിന്നുവരെ കാഴ്ചക്കാരെ ആകര്‍ഷിക്കും. അബ്ബാസിയ ഭരണകാലത്ത് ഇറാഖിലെ സമാറായില്‍ പണികഴിപ്പിച്ച 10 നൂറ്റാണ്ടിലധികം പഴക്കമുള്ള ഗ്രാന്റ് മസ്ജിദിന്റെ മിനാരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ശൈഖ് ഖലീഫ മസ്ജിദിന്റെ മിനാരങ്ങള്‍.
ആധുനിക കെട്ടിടനിര്‍മാണ രംഗത്തെ മുഴുവന്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ടെങ്കിലും മസ്ജിദിന്റെ ഓരോഭാഗത്തും ഇസ്ലാമിക പൈതൃകവും പഴമയും പ്രകടമാവുന്നുണ്ട്. 600 മില്യൺ ദിർഹമാണ് നിർമാണത്തിന് ചെലവഴിച്ചത്. നേരത്തെ, അൽ ഐൻ നഗരത്തിലെ ഏറ്റവും വലിയ പള്ളി ശൈഖ സലാമാഹ് മസ്ജിദ് ആയിരുന്നു.
ശൈഖ് ഖലീഫയുടെ പിതാവും യു.എ.ഇ രാഷ്ട്രശില്പിയുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മാതാവ് ശൈഖ സലാമയുടെ പേരിലുള്ളതായിരുന്നു ഈ പള്ളി. പള്ളി എന്തുകൊണ്ടും വ്യത്യസ്തത പുലർത്തണമെന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
നിർമാണത്തിലെ ഓരോഘട്ടത്തിലും ശൈഖ് ഖലീഫ ആൽ നഹ്യാന്റെ ഓഫിസ് ജീവനക്കാരുടെ മേൽനോട്ടം ഉണ്ടായിരുന്നുവെന്നതും അദ്ദേഹത്തിന്റെ ആഗ്രഹസഫലീകരണത്തിന് ആക്കംകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.