ഓർമകളുടെ പ്രവാസമുറ്റത്ത് അവർ ഒരുമിച്ച് കൂടി
text_fieldsവർഷങ്ങൾക്ക് മുമ്പ് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവർ നീണ്ട വർഷങ്ങൾക്ക് ശേഷം അതേ പള്ളിക്കൂടത്തിൽ ഒരുമിച്ച് കൂടുകയും ഓരോ വ്യക്തിയുടെയും ജീവിതത്തിലെ മധുരിക്കുന്ന ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യുന്നത് നാട്ടിൽ നിത്യ സംഭവമാണ്. സാമൂഹിക മാധ്യമങ്ങൾ സജിവമായത് മുതൽ വിവിധ കൂട്ടായ്മകാളുണ്ടാക്കി ഓരോ വർഷത്തെ പത്താം ക്ലാസുകാരും ഒരിക്കലെങ്കിലും തങ്ങളുടെ പഴയ വിദ്യാലയ മുറ്റത്ത് ഒരുമിച്ചു കൂടാത്തവർ ഇല്ല എന്നുതന്നെ പറയാം. നൽപതും അമ്പതും വർഷങ്ങൾക്കു മുമ്പ് വിദ്യാലയത്തിന്റെ പടിയിറങ്ങിയ വരെ വീണ്ടും ഒരുമിച്ചുകൂടി പഴയകാല ഓർമ്മകൾ പങ്കുവെക്കുന്ന കാലമാണിത്. എന്നാൽ, പ്രവാസലോകത്ത് ഇത്തരം ഒരുമിച്ചുകൂടലുകൾ അപൂർവമാണെ
ന്ന് പറയാം. അൽഐൻ ഇന്ത്യൻ സ്കൂളിൽ നിന്ന് 2002ൽ 12ാം ക്ലാസ് പാസ്സായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനത്തിനായും ജോലിക്കായും ചേക്കേറിയവരുമാണ് കഴിഞ്ഞ ദിവസം സ്കൂൾ മുറ്റത്ത് വീണ്ടും ഒരുമിച്ചുകൂടിയത്. യു.എ.ഇ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഫിലിപീൻസ്, ബംഗ്ലാദേശ്, മലേഷ്യ, ഇന്ത്യ തുടങ്ങി 15ഓളം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമാണ് ഇവിടെ ഒത്തുകൂടിയത്. അതിൽ ഡോക്ടർമാരുണ്ട്, എൻജിനീയർമാരുണ്ട്, ബിസിനസുകാരുണ്ട്, കുടുംബിനികളുണ്ട്. പരിപാടിക്കായി സന്ദർശക വിസയിലെത്തിയതാണ് ഇതിൽ പലരും.
സ്കൂളിന്റെ ഓരോ മുക്കും മൂലയും അവർ നടന്നു കണ്ടു. സ്കൂൾ കെട്ടിടവും പഠന രീതികളും എല്ലാം ആകെ മാറിയിരിക്കുന്നു. തങ്ങളെ പഠിപ്പിച്ച പല അധ്യാപകരും ഇപ്പോൾ സ്കൂളിൽ ഇല്ല. 20 വർഷത്തെ കഥകളും അനുഭവങ്ങളും പറഞ്ഞു തീരാത്തത്ര ഉണ്ടായിരുന്നു അവർക്ക്. കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സ്കൂൾ കമ്പ്ലയൻസ് ഓഫീസർ കോയ മാസ്റ്റർ നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ നീലം ഉപാധ്യായയുടെ മകൻ അമേരിക്കയിലുള്ള ഡോ. ദിവ്യ കാന്ത് ഉപാധ്യായ്, അൽഐനിൽ ബിസിനസ് നടത്തുന്ന ഷിബു ഷാജഹാൻ എന്നിവരായിരുന്നു പ്രധാന സംഘാടകർ. ഇതേ ബാച്ചിലെ ബഷീർ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റ് ഡോ. കദീജയും കൂടെയുണ്ടായിരുന്നു. പഴയകാല അധ്യാപകരായ മത്തായി ഡാനിയേൽ, സൈലേഷ്, ക്രിസ്റ്റി, സറായു മോഹൻദാസ് എന്നിവർ ഈ സംഗമത്തിൽ പങ്കുചേർന്നു.
രണ്ട് പതിറ്റാണ്ട്കൊണ്ട് സഹപാടികൾക്കുണ്ടായ മാറ്റങ്ങളെക്കാൾ പലരെയും അത്ഭുതപ്പെടുത്തിയത് ബാല്യവും കൗമാരവും ചെലവഴിച്ച യു.എ.ഇ എന്ന രാജ്യത്ത് വിശിഷ്യ അൽഐനിൽ വന്ന മാറ്റങ്ങളാണ്.
വലിയ മാളുകളും കെട്ടിടങ്ങളും മുഖച്ഛായ മാറിയ അൽഐൻ നഗരവും തിരക്കുപിടിച്ച റോഡുകളും പലരെയും അത്ഭുതപ്പെടുത്തി. വിവിധ രാജ്യങ്ങളിൽനിന്നെത്തിയവർക്ക് പങ്കുവെക്കാനുള്ള മറ്റൊരു അനുഭവം രാജ്യത്ത് നിലനിൽക്കുന്ന സഹിഷ്ണുതയാണ്. അൽഐനിലെ സുരക്ഷിതമായ ബാല്യകാലവും സ്കൂൾ കാലഘട്ടവും പലരും ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.