അൽഐൻ - കണ്ണൂർ വിമാന സർവിസിനായി ശ്രമം തുടരുന്നു -അൽ ഐൻ കണ്ണൂർ ജില്ല കെ.എം.സി.സി
text_fieldsഅൽഐൻ: അൽ ഐനിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടോ കണക്ഷനായോ വിമാന സർവിസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ സജീവമായി തുടരുകയാണെന്ന് അൽഐൻ കണ്ണൂർ ജില്ല കെ.എം.സി.സി. നിലവിൽ അൽ ഐനിൽനിന്ന് നേരിട്ടുള്ള സർവിസ് ഇല്ലാത്തതിനാൽ ഇവിടെയുള്ളവർ അബൂദബി, ദുബൈ, ഷാർജ എയർപോർട്ടുകളെയാണ് ആശ്രയിക്കുന്നത്.
ഇവിടങ്ങളിലേക്ക് അൽഐനിൽനിന്ന് 160 കിലോമീറ്ററിലധികം ദൂരയാത്ര ആവശ്യമായതിനാൽ ഏറെ പ്രയാസം നേരിടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ അൽ ഐൻ-കണ്ണൂർ ജില്ല കെ.എം.സി.സി, എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേർഷ്യൽ ഓഫിസർ ഡോ. അങ്കൂർ ഗാർഗ്, കണ്ണൂർ എയർപോർട്ട് മാനേജിങ് ഡയറക്ടർ ദിനേഷ് കുമാർ, ചീഫ് ഓപറേറ്റിങ് ഓഫിസർ അശ്വനി കുമാർ എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തന സാധ്യത വിലയിരുത്താൻ എയർ ഇന്ത്യ എക്സ്പ്രസ് ടീമിന് നിർദേശം കൊടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അൽ ഐൻ കണ്ണൂർ റൂട്ടിൽ വിമാന സർവിസ് തുടങ്ങാൻ ശ്രമം നടത്തുമെന്നും അൽ ഐൻ കണ്ണൂർ ജില്ല കെ.എം.സി.സിക്ക് അയച്ച മെയിൽ സന്ദേശത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചതായി ഭാരവാഹികളായ അബ്ദുൽ ലത്തീഫ് മാസ്റ്റർ, ഫാറൂഖ് വേങ്ങാട് എന്നിവർ അറിയിച്ചു.
വരുന്ന വേനലവധിക്കു മുമ്പായുള്ള സമ്മർ ഷെഡ്യൂളുകളിൽ ഈ സെക്ടറിൽ സർവിസ് തുടങ്ങാൻ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇൻഡിഗോ എയർവേസ് അധികൃതർക്കും അൽ ഐൻ-കണ്ണൂർ റൂട്ടിനെ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.