തണുപ്പേറുന്നു; അൽഐനിൽ 5.3ഡിഗ്രി രേഖപ്പെടുത്തി
text_fieldsദുബൈ: രാജ്യമെങ്ങും താപനില കുറഞ്ഞതോടെ തണുപ്പ് സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പുതുവർഷം പിറന്നശേഷം രാജ്യത്തെ കുറഞ്ഞ താപനില അൽഐനിലെ റക്ന പ്രദേശത്ത് രേഖപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഒറ്റസംഖ്യയിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റാസൽഖൈമയിലെ പർവതമേഖലയായ ജബൽജൈസിൽ കഴിഞ്ഞ ദിവസങ്ങളിൽ 7.2ഡിഗ്രി രേഖപ്പെടുത്തി. ജബൽജൈസ് അടക്കം വിവിധ പ്രദേശങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തണുപ്പുസീസൺ ഡിസംബർ 21മുതൽ ആരംഭിച്ചെന്നാണ് വിദഗ്ധർ വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ല.
ഡിസംബറിലെ ശരാശരി താപനില മുൻ വർഷത്തേതിനേക്കാൾ കൂടുതലാണ്. തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദർശകരുടെയും എണ്ണം വർധിച്ചു. വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കമായി. ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ് നടത്തുന്നത്.
ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും വിദേശ സഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞ മൂന്നു തണുപ്പുകാല കാമ്പയിൻ സീസണുകളിലായി സഞ്ചാരികളുടെ എണ്ണം 14ലക്ഷമായി ഉയരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.