ടയർപൊട്ടി കാർ മറിഞ്ഞ് അപകടം; തിരൂർ സ്വദേശിനി അൽഐനിൽ മരിച്ചു
text_fieldsഅൽഐൻ: അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. പെരുന്തല്ലൂർ അബ്ദുൽ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് (മുത്തു -41) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് അപകടം. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിലെത്തിയ ജസീന രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേർ അൽഐൻ തവാം ആശുപത്രിയിൽ ചികിത്സയിലാണ്.
അൽഐൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ് ശാമിൽ, ഫാത്തിമ സൻഹ. പിതാവ്: പെരുന്തല്ലൂർ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരൻ: അബ്ദുൽ ഹമീദ് (അൽഐൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.