അൽെഎൻ മൃഗശാല സേവനങ്ങൾ പുനരാരംഭിച്ചു
text_fieldsഅൽഐൻ: കോവിഡ് മുൻകരുതലുകളുടെ ഭാഗമായി നിർത്തിയ പ്രദർശനങ്ങളും പരിപാടികളും അൽഐൻ മൃഗശാല പുനരാരംഭിച്ചു. അഹ്ലൻ സ്പെഷൽ സർവിസ്, അൽ മഹാ റോയൽ എക്സ്പീരിയൻസ്, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത സഫാരികളിൽ ഒന്നായ അൽഐൻ സഫാരി എന്നിവയാണ് പുനരാരംഭിച്ചത്.
കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകർക്ക് നിരവധി വിദ്യാഭ്യാസ, വിനോദ അനുഭവങ്ങളും എല്ലാ പ്രായത്തിലുമുള്ള കുടുംബാംഗങ്ങളെ ആകർഷിക്കുന്ന പരിപാടികളുമാണ് മൃഗശാല ഒരുക്കുന്നത്. അഹ്ലൻ സേവനത്തിെൻറ ഭാഗമായ ഒന്നര മണിക്കൂർ സവാരിയിൽ അഞ്ച് പ്രധാന സ്റ്റോപ്പുകളും ആഡംബര ഗോൾഫ് കോർട്ടും സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. സന്ദർശകർക്ക് നവ്യാനുഭവം സമ്മാനിക്കുന്ന അൽ മഹാ റോയൽ സർവിസ് മൃഗശാലയിലുടനീളം നിരവധി പാക്കേജുകൾ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.
മൃഗശാലയുടെ സുപ്രധാന സേവനങ്ങളിലൊന്നാണ് അൽഐൻ സഫാരി. വിശാലമായ പ്രദേശത്ത് സ്വതന്ത്രമായി വിഹരിക്കുന്ന നിരവധി ആഫ്രിക്കൻ വന്യജീവികളടക്കമുള്ള മൃഗങ്ങൾക്കിടയിലൂടെ സന്ദർശകർക്ക് കവചിത വാഹനങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ സഫാരി വാഹനങ്ങളിലും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളും ഒരുക്കിയിരിക്കുന്നു. പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് സന്ദർശകർക്കിടയിൽ കോവിഡ് സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുന്നു.
അൽഐൻ മൃഗശാലയിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശക സമയം. സന്ദർശകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ മൃഗശാലയുടെ വെബ്സൈറ്റോ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനോ തെരഞ്ഞെടുക്കാം. സന്ദർശകർക്കായി രണ്ടു ടിക്കറ്റ് കൗണ്ടറുകളും തുറന്നിട്ടുണ്ട്. എങ്കിലും ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്ന് അധികൃതർ പറയുന്നു. വന്യജീവികളെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് അൽഐൻ മൃഗശാല. ഇവിടെ 4,000 മൃഗങ്ങളെ അവയുടെ യഥാർഥ ആവാസ വ്യവസ്ഥകളെ അനുകരിക്കുന്ന പരിതസ്ഥിതിയിലാണ് പാർപ്പിച്ചത്. ആസ്വാദനത്തിനൊപ്പം പഠനാർഹമായ അനുഭവങ്ങളും മൃഗശാല പ്രദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.