അൽഐൻ നഗരസഭ വിളിക്കുന്നു, പുഷ്പാലങ്കാരം നടന്നുകാണാൻ
text_fieldsഅൽഐൻ: അൽഐൻ നഗരത്തെ ചെടികളും പൂക്കളുംകൊണ്ട് അതിമനോഹരമായി അലങ്കരിച്ച അൽഐൻ നഗരസഭ ഇവയെല്ലാം നടന്നുകാണാൻ പൊതുജനങ്ങളെ സ്വാഗതംചെയ്യുന്നു. അൽഐൻ അൽ ജീമി ഏരിയയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റാണ് നഗരസഭ പൂക്കളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ സുൽത്താൻ അൽ ദാഹേരി മസ്ജിദിനടുത്ത് നിന്ന് നടക്കുന്ന കൂട്ടനടത്തത്തിൽ പങ്കെടുത്ത് ഈ കാഴ്ചകൾ നടന്നുകാണാനാണ് നഗരസഭയുടെ ക്ഷണം. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കൂടി ലക്ഷ്യമിട്ടാണ് പൊതുജനങ്ങളെ അൽഐൻ നഗരസഭ ഈ കൂട്ടനടത്തത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ചുവപ്പും വെള്ളയും വയലറ്റും പൂക്കൾകൊണ്ടാണ് ഇവിടെ പരവതാനി വിരിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തുമാണ് പൂച്ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നത്. നടപ്പാതകളും സൈക്കിൾ ട്രാക്കും പൂക്കൾക്കിടയിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ശൈത്യകാലത്തും വസന്തകാലത്തും ഹരിത നഗരം പൂച്ചെടികൾ കൊണ്ട് അലങ്കരിക്കാറുണ്ടെങ്കിലും ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ മീറ്റർ കണക്കിന് ദൂരത്തിൽ ഈ വർഷം ഒരുക്കിയത് ദൃശ്യതയുടെ മനോഹാരിതയാണ്. ഈ റോഡിലൂടെ വാഹനത്തിൽ യാത്രചെയ്യുന്നവർക്കും സൈക്കിൾ സവാരിക്കും വ്യായാമത്തിനുമായി നടക്കുന്നവർക്കും ഈ കാഴ്ച കുളിർമ നൽകും.
അൽഐൻ നഗരത്തിലെ പ്രധാന റോഡുകളും സിഗ്നലുകളും പാർക്കിങ് ഏരിയകളും ആധുനിക രീതിയിൽ പുതുക്കിപ്പണിതതോടൊപ്പം ചെടികളും പൂക്കളും മരങ്ങളും ഈന്തപ്പനകളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുകയാണ് ഈ ശൈത്യകാലത്ത്. വിവിധ വർണങ്ങളിലുള്ള പെറ്റൂണിയ, ചെണ്ടുമല്ലി തുടങ്ങിയ പൂച്ചെടികളാണ് നഗരത്തിലെ പാതകൾക്കരികിലും സിഗ്നലുകളോട് ചേർന്നും പൂത്തുനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.