അജ്മാനിൽ അൽ ബാഹിയ സിറ്റി വാക്ക്വേ ഒരുങ്ങുന്നു
text_fieldsസ്പോർട്സ് പരിശീലിക്കുന്നതിനും വ്യായാമ നടത്തക്കാരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഒരു കിലോമീറ്റര്‍ നീളത്തിൽ പുതിയ നടപ്പാത ഒരുക്കുകയാണ് അജ്മാന് നഗരസഭ. അൽ റാസിഖോൺ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ച് അജ്മാനിലെ അൽ ബാഹിയ സിറ്റി കേന്ദ്രീകരിച്ച് ഒരുക്കുന്ന ഈ പദ്ധതിക്ക് ഏകദേശം പത്ത് ലക്ഷം ദിര്‍ഹം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
അന്താരാഷ്ട്ര നിലവാരവും ഏറ്റവും ഉയർന്ന സവിശേഷതകളും അനുസരിച്ച് തയ്യാറാക്കിയ റബ്ബറൈസ്ഡ് പാതയാണ് ഇവിടെ ഒരുങ്ങുന്നത്. ലിവ അജ്മാൻ ഡേറ്റ്സ് ആൻഡ് ഹണി ഫെസ്റ്റിവലിന്റെ എട്ടാം സെഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഹാപ്പിനസ് വാക്ക്സ് പദ്ധതിയുടെ ഭാഗമായാണ് നടപടി.
നടപ്പാതയോടനുബന്ധിച്ചു ആളുകള്‍ക്ക് ആനന്ദം പകരുന്നതിനും ഹരിത വിസ്തൃതി വർധിപ്പിക്കുന്നതിനുമായി പ്രകൃതി രമണീയമായ ചുറ്റുപാടുകളും ഒരുക്കുന്നുണ്ട്. പാതയുടെ വശങ്ങളിൽ 4,000 പൂച്ചെടികളും 170 ഈന്തപ്പനകളും നട്ടുപിടിപ്പിക്കും.
പദ്ധതി പ്രദേശത്ത് വെളിച്ചത്തിനായി സൗരോർജ്ജ പദ്ധതിയാണ് ഒരുക്കുന്നത്. റീസൈക്ലിംഗ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് വിശ്രമത്തിനായി ഒരുക്കുന്ന കസേരകള്‍ നിർമിച്ചിരിക്കുന്നത് മാലിന്യ ശേഖരങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ്.
ഓട്ടോമാറ്റിക് ജലസേചന സംവിധാനത്തോടെ ഇവിടം നനക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും റീസൈക്കിൾ ചെയ്ത വെള്ളമാണ്. അടുത്ത വർഷം പകുതിയോടെ പദ്ധതി പൂർണ്ണമായും പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.