ഇഷ്ടമിടമാക്കാം, താമസമൊരുക്കാം അല്‍ ബഹിയ
text_fieldsനഗരത്തിരക്കുകളില്‍ നിന്ന് കുറച്ചുമാറി, പ്രൗഢിയൊട്ടും ചോരാതെ ആനന്ദിക്കാനും താമസിക്കുവാനും പറ്റുന്നൊരിടം. ആധുനികതയിലേക്ക് നാള്‍ക്കുനാള്‍ കുതിക്കുന്ന അബൂദബി, ഭാവിയിലേക്കുള്ള വന്‍ സാധ്യതകള്‍ മുന്നില്‍ക്കണ്ട് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് അല്‍ ബഹ്യ മേഖലയില്‍ സജ്ജമാക്കുന്നത്. അബൂദബി-ദുബൈ റൂട്ടില്‍ അല്‍ ഷഹാമയുടെ തീര പ്രദേശമാണിവിടം. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രകൃതിയോടൊട്ടി ജീവിക്കാവുന്ന സാഹചര്യവും കാലാവസ്ഥയും. അറേബ്യന്‍ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള നിര്‍മാണങ്ങളാണ് അധികവും. വിനോദ യാത്രക്കും വൈകുന്നേരങ്ങള്‍ ആസ്വദിക്കാനും കുറഞ്ഞ ചിലവില്‍ കുടുംബമായി ജീവിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്ങിനും അടക്കം എല്ലാ സംവിധാനങ്ങളും ബഹിയ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.
അല്‍ ബഹിയയിലെ പ്രോപ്പര്‍ട്ടികള്‍ വില്ലകളും അപ്പാര്‍ട്ടുമെന്റുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇവയില്‍ കൂടുതലും മികച്ച സൗകര്യങ്ങള്‍ ഉള്ളതും താരതമ്യേന കുറഞ്ഞ വാടക ഈടാക്കുന്നതുമാണ്. അതിനാൽതന്നെ താമസക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രദേശമാണിത്. ഇമിറാത്തി വാസ്തുവിദ്യയിലാണ് പലതിന്റെയും രൂപകല്‍പ്പന. ഗാര്ഡന് ഏരിയ, പാര്‍ക്കിങ് സ്ഥലം എന്നിവയുണ്ട്. കൂടാതെ, അപ്പാര്‍ട്ട്മെന്റ് യൂണിറ്റുകള്‍ വളരെ വിശാലവും ആധുനിക സൗകര്യങ്ങളുള്ളതുമാണ്. മനോഹരമായ സാമൂഹിക അന്തരീക്ഷം, സുന്ദരമായ കാഴ്ചകള്‍, ആരാധനാലയങ്ങള്‍, റീട്ടെയില്‍ ഷോപ്പുകള്‍...
വില്ലകളും അപ്പാര്‍ട്ടുമെന്റുകളും നീണ്ട തെരുവുകളില്‍ മണല്‍ നിറഞ്ഞ പ്രദേശങ്ങളും പച്ചപ്പിന്റെ വശ്യതയുമുണ്ട്. വാഹന പാര്‍ക്കിങ്ങിനു ബുദ്ധിമുട്ടില്ല എന്നതാണ് പ്രധാന ഗുണം. വില്ല ഉടമകള്‍ക്ക് അവരുടെ പാര്‍ക്കിങ് സ്ഥലങ്ങള്‍ വീടുകള്‍ക്ക് പുറത്ത് ലഭിക്കും. അപ്പാര്‍ട്ട്മെൻറ് ഉടമകള്‍ക്ക് കെട്ടിടങ്ങള്‍ക്കുള്ളില്‍ കാര്‍ പാര്‍ക്കിങ്ങും സൗകര്യവുമുണ്ട്. പൊതുഗതാഗത മാര്‍ഗമായി നമ്പര്‍-225 ബസ് സര്‍വീസുമുണ്ട്. ബഹിയക്ക് സമീപുള്ള അല്‍ റഹ്ബ ആശുപത്രിയിലുള്ള സ്റ്റേഷന് മുഖേന യാത്ര ചെയ്യാവുന്നതാണ്. ടാക്സികള്‍ കുറവായിരിക്കുമെന്ന പോരായ്മയുണ്ടിയിവിടെ. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഏറെ അഭികാമ്യമാണിവിടം.
അല്‍ ബഹിയയില്‍ നിരവധി മസ്ജിദുകളുണ്ട്. ശൈഖ് ഖലീഫ ബിന്‍ സായിദ് മസ്ജിദിലേക്ക് ഇവിടെ നിന്ന് 15മിനിറ്റ് ദൂരമേയുള്ളൂ. പ്രശസ്തമായ അല്‍ റഹ്ബയിലെ അഡ്നോക്ക് മസ്ജിദും സന്ദര്‍ശിക്കാം. അല്‍ ബാഹിയയില്‍ നിന്ന് 15 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ന്യൂ ലൈഫ് ചര്‍ച്ചും ഹിന്ദു ക്ഷേത്രവും ഉണ്ട്. അബൂദബിയുടെ തീരപ്രദേശങ്ങള്‍ക്ക് സമീപമായതിനാല് അല്‍ ബഹിയക്ക് സമീപം ആഡംബര ബീച്ചുകളുമുണ്ട്. അബൂദബിയിലെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നാണ് യാസ് ബീച്ച്. അല്‍ ബഹിയക്ക് ഏറ്റവും അടുത്തുള്ള പൊതു ബീച്ചാണിത്. ജെറ്റ് സ്കീയിങ്, സര്‍ഫിങ്, പാഡില്‍ ബോര്‍ഡിങ് എന്നിവ പോലെയുള്ള ജല കായിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. അല്‍ ബഹിയ ബീച്ചിനു പുറമേ 30 മിനിറ്റ് സഞ്ചരിച്ചാല്‍ അല്‍ ബഹാര്‍ ബീച്ചും വിനോദോപാധിയാണ്.
അവിസ്മരണീയമായ ഒരു കുടുംബദിനം ഒരുക്കണമെങ്കില്‍ എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയിലേക്ക് പോകാം. മൃഗശാലയില്‍ 1,400ലധികം മൃഗങ്ങള്‍ താമസിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കൗതുകകരമായ അനുഭവമാവും. 26 ഉപ്പുവെള്ള ടാങ്കുകള്‍, കളിസ്ഥലങ്ങള്‍, ഗെയിമിങ് സോണുകള്‍ എന്നിവയുള്ള ഒരു ഇന്‍ഡോര്‍ മറൈന്‍ സോണും കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒഴിവുസമയം സമ്മാനിക്കുന്നു. വന്യജീവികള്‍ക്കിടയില്‍ തങ്ങാനുള്ള റിസോര്‍ട്ടും ഇവിടെയുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ 27 ഫാമിലി ചാലറ്റുകള്‍ റിസോര്‍ട്ടിലുണ്ട്. അതിഥികള്‍ക്ക് പൂള് സ്ലൈഡുകള്‍, ഫീഡിംഗ് സെഷനുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയും ആസ്വദിക്കാം. മൃഗശാലയിലെ മൃഗ വിദഗ്ധര്‍ കുട്ടികളെ രസിപ്പിക്കുന്നതിനായി രസകരമായ ഷോകളും പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
അബൂദബിയിലെ ഏറ്റവും മികച്ച പബ്ലിക് ലൈബ്രറികളില്‍ ഒന്നായ ബഹിയ പാര്‍ക്ക് ലൈബ്രറിയില്‍ വര്‍ഷം തോറും കുട്ടികള്‍ക്കായുള്ള സമ്മര്‍ പ്രോഗ്രാം പോലുള്ള ചില പരിപാടികള്‍ നടത്തുന്നുണ്ട്. സമ്മര്‍ പ്രോഗ്രാമില്‍ കൂടുതലും വായനയും പുതിയ ഭാഷകള്‍ പഠിക്കലും ആര്‍ട്ട് വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടുന്ന നിരവധി പ്രവര്‍ത്തനങ്ങളാണുള്ളത്. അല്പം അകലെയുള്ള യാസ് ദ്വീപ് സംഗീത പരിപാടികള്‍, നാടകം തുടങ്ങി നിരവധി വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നു. യാസ് മറീന സര്‍ക്യൂട്ടില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഏറ്റവും ജനപ്രിയമായ ഇവന്റുകളില്‍ ഒന്നാണ് ഫോര്‍മുല 1 അബൂദബി ഗ്രാന്‍ഡ് പ്രിക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.