പ്രകൃതി ഭംഗി പകർന്ന് അൽഫേ പാർക്ക്
text_fieldsമെഗാസിറ്റികളിൽ പ്രകൃതിയെ എങ്ങനെ രൂപകൽപന ചെയ്യാമെന്നും നടപ്പാക്കാമെന്നുമുള്ളതിെൻറ തെളിവും മാതൃകയുമാണ് അബൂദബി നഗരത്തിലെ അൽ റീം ദ്വീപിലെ അൽഫേ പാർക്ക്. നൂതന ജൈവവൈവിധ്യം, മൈക്രോക്ലൈമറ്റ്, സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള വിശാലമായ സൗകര്യം എന്നിവ സമന്വയിപ്പിച്ച് നഗര മേഖലയിൽ വ്യത്യസ്തത പകരുന്നതാണ് ഈ ഉദ്യാനം. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പിനു കീഴിൽ ഡാനിഷ് പ്രകൃതി അധിഷ്ഠിത ഡിസൈൻ സ്റ്റുഡിയോ എസ്.എൽ.എയാണ് അൽഫേ പാർക്ക് രൂപകൽപന ചെയ്തതും നിർമിച്ചതും.
പ്രദേശത്തിെൻറ തനതായ പ്രകൃതിയെയും വന്യജീവികളെയും കുറിച്ച് എസ്.എൽ.എയുടെ ബയോളജിസ്റ്റുകളും വനവൽകരണ വിദഗ്ധരും ഒരു വർഷം നടത്തിയ ഗവേഷണ പഠനങ്ങൾക്കു ശേഷമാണ് വ്യത്യസ്തയോടെ ജൈവവൈവിധ്യ പാർക്ക് രൂപകൽപന ചെയ്തത്. യു.എ.ഇയിലെ തദ്ദേശീയമായ എല്ലാ സസ്യജാലങ്ങളും തനിമയോടെ വളരുന്നതിന് സാഹചര്യങ്ങളൊരുക്കിയ പാർക്ക് വനവത്കരണ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നു. ഉല്ലാസയാത്രക്കും വിനോദത്തിനും അനുയോജ്യമായ ഒട്ടേറെ പൊതു പാർക്കുകൾ അബുദബിയിലുണ്ടെങ്കിലും കൂടുതൽ ഹരിത ഇടങ്ങളോടെയുള്ള പുതിയ പൊതു പാർക്കാണ് അൽഫേ. കഴിഞ്ഞ ജനുവരിയിലാണ് ഈ പാർക്ക് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നത്.
ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനും ലോകോത്തര നിലവാരമുള്ള താമസസ്ഥലം പടുത്തുയർത്താനുമുള്ള അബുദാബി സർക്കാർ പദ്ധതികളുടെ ഭാഗമാണ് ഈ പാർക്ക്.
27,500 ച. മീറ്റർ വിസ്തൃതിയിലുള്ള പാർക്ക് ജൈവവൈവിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നഗരത്തിലെ ആദ്യത്തെ പാർക്കാണ്. യു.എ.ഇയിലെ ദേശീയ വൃക്ഷമായ ഗാഫ് ഉൾപ്പെടെ രണ്ടായിരത്തിലേറെ പ്രാദേശിക സസ്യങ്ങൾ ഇവിടെയുണ്ട്.
സ്മാർട്ട് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ച പാർക്കിൽ പരമ്പരാഗത തോട്ടങ്ങളെ അപേക്ഷിച്ച് 40 ശതമാനം കുറവ് വെള്ളം ഉപയോഗിച്ച് ജലസേചനം നടത്താമെന്നതും പ്രത്യേകതയാണ്. വനം പോലെയുള്ള ഒരു ആവാസവ്യവസ്ഥ നിലനിർത്തുന്നതിനൊപ്പം കുട്ടികൾക്കുള്ള വഴികളും കളിസ്ഥലങ്ങളും അൽഫേയിൽ സജ്ജമാണ്.മേഖലയിലെ സസ്യ, ജന്തുജാലങ്ങളെ കുറിച്ച വിപുലമായ ഗവേഷണത്തിലൂടെ പശ്ചിമേഷ്യയിലെ അവസ്ഥയെ കുറിച്ച് വിലയിരുത്തുകയും ചെയ്തശേഷമാണ് പ്രാദേശിക കാലാവസ്ഥക്കൊത്ത നിലയിൽ പാർക്ക് രൂപകൽപന ചെയ്തത്. ചൂട് കാലാവസ്ഥയിലും ഉദ്യാനത്തിലെത്തുന്നവർക്ക് പരമാവധി കുളിർമ പകരുന്ന നഗര മേഖലയിലെ ഈ പാർക്കിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
യു.എ.ഇയിലെ ആദ്യ ജൈവവൈവിധ്യ പാർക്ക് വൃക്ഷനിബിഡമാണ്. മൈക്രോക്ലൈമേറ്റ് സാധ്യമായ ഇടം എന്നതിനൊപ്പം ട്രാഫിക് ശബ്ദവും താപനിലയും കുറക്കുകയും പ്രത്യേക വനമേഖല പോലെ ശാന്തമായ പരിസ്ഥിതി ഒരുക്കുകയും ചെയ്തിരിക്കുന്ന ഉദ്യാനത്തിൽ പുലർവേളകളിൽ കിളികളുടെ ആരവം ഏറെ ആസ്വാദ്യകരമാണ്.
പ്രാദേശിക പുല്ലുകളും കുറ്റിക്കാടുകളും നട്ടുവളർത്തി ജീവശാസ്ത്രപരവും പാരിസ്ഥിതികവും സാമൂഹികവുമായ നേട്ടങ്ങൾ നൽകുന്ന വേറിട്ട അന്തരീക്ഷം അൽഫേ പാർക്കിലെത്തുന്നവർക്ക് കടുത്ത വേനൽ ചൂടിലും ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.