അൽ ഇബ്രാഹിമിയുടെ ഇലക്ട്ര സ്ട്രീറ്റ് ബ്രാഞ്ച് അടച്ചുപൂട്ടി
text_fieldsഅബൂദബി: പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ അൽ ഇബ്രാഹിമിയുടെ ഇലക്ട്ര സ്ട്രീറ്റിലെ ശാഖ അധികൃതർ അടച്ചുപൂട്ടി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അബൂദബി കാർഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് റസ്റ്റാറന്റിന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതിനുശേഷവും മാറ്റംവരുത്താതിരുന്നതാണ് നടപടിക്കു കാരണമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
റസ്റ്റാറന്റിൽ ഫ്രീസറിൽനിന്നെടുത്ത ഭക്ഷണം ഉരുകുന്നതിനുമുമ്പ് പാകം ചെയ്യുന്നതിലൂടെ മാംസത്തിന് ദുർഗന്ധമുണ്ടാവുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭക്ഷണം സൂക്ഷിച്ച ഇടങ്ങളിൽ കീടങ്ങളുടെയും മറ്റും സാന്നിധ്യവും കണ്ടെത്തിയിരുന്നു. അധികൃതർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ റസ്റ്റാറന്റിൽ പാലിക്കുന്നതുവരെ അടച്ചിടൽ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി.
അടുക്കളയിൽ എലികളെയും പാറ്റകളെയും കണ്ടെത്തുകയും ഫ്രീസറിൽ ചീഞ്ഞ മാംസം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് ഇതേ റസ്റ്റാറന്റിന്റെ മദീനത്ത് സായിദിലെ ബ്രാഞ്ച് 2011ൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയിരുന്നു.
ഉപയോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് റസ്റ്റാറന്റുകൾ സന്ദർശിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്ന പ്രക്രിയ തുടരുകയാണ്. റസ്റ്റാറന്റുകളുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ 800555 എന്ന നമ്പറിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.