റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കി അൽ ഖൈൽ റോഡ് വികസനം
text_fieldsദുബൈ: നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി പ്രഖ്യാപിച്ച അൽ ഖൈൽ റോഡ് വികസന പദ്ധതി റെക്കോഡ് വേഗത്തിൽ പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നിശ്ചയിച്ച സമയത്തേക്കാൾ ഒമ്പത് മാസം മുമ്പ് തന്നെ മുഴുവൻ ഘട്ടവും പൂർത്തിയാക്കാൻ കഴിഞ്ഞു.
ആകെ 3,300 മീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളുടെ നിർമാണം, 6,820 മീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടൽ എന്നിവയാണ് പൂർത്തിയായത്. അൽ ഖൈൽ റോഡിനോട് ചേർന്നുള്ള അൽ ജദ്ദാഫ്, ബിസിനസ് ബേ, സഅബീൽ, മൈദാൻ, അൽ ഖൂസ് 1, ഖാദിർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിങ്ങനെ ഏഴ് സ്ട്രീറ്റുകളിലായി വ്യാപിച്ചിരിക്കുന്നതാണ് വികസന പ്രവൃത്തികൾ.
അഞ്ചു പാലങ്ങളിലായി മണിക്കൂറിൽ 19,600 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. നിർമാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നതിന് ആർ.ടി.എ ഒന്നിലധികം കമ്പനികൾക്ക് കരാർ നൽകിയതോടെയാണ് 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതി ഒമ്പത് മാസം കൊണ്ട് പൂർത്തിയായത്.
സഅബീൽ
ഊദ് മേത്ത സ്ട്രീറ്റിനും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിനും ഇടയിലാണ് 700 മീറ്റർ നീളമുള്ള പാലം നിർമിച്ചിരിക്കുന്നത്. സഅബീൽ പാലസ് സ്ട്രീറ്റ്, ഊദ് മേത്ത സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് അൽഖൈൽ റോഡിലേക്കും ജബൽ അലിയിലേക്കുമുള്ള ഗതാഗതം ബന്ധിപ്പിക്കാൻ ഇത് സഹായിക്കും. മൂന്ന് വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് കടന്നു പോകാനാകും.
മൈദാൻ
അൽ മൈദാൻ റോഡിനും റാസൽ ഖോർ റോഡ് ജങ്ഷനും ഇടയിലാണ് 610 മീറ്റർ നീളത്തിലുള്ള പാലം. മൈദാൻ സ്ട്രീറ്റിൽ നിന്ന് ദേരയിലേക്ക് നീളുന്ന അൽ ഖൈൽ റോഡിലേക്ക് ഗതാഗതം ബന്ധിപ്പിക്കുന്നതാണ് പാലം.
മണിക്കൂറിൽ 3200 വാഹനങ്ങളെ ഉൾക്കൊള്ളും. കൂടാതെ റാസൽ ഖോർ സ്ട്രീറ്റിലേക്ക് നീളുന്ന അൽ ഖൈൽ റോഡിൽ നിന്ന് ഗതാഗതം ബന്ധിപ്പിക്കുന്നതിനായി 1,550 മീറ്റർ നീളത്തിൽ ഉപരിതല റോഡ് വികസനവും പൂർത്തിയായി.
അൽ ഖൂസ്
അൽ മൈദാൻ റോഡിന്റെയും അൽ വഹ സ്ട്രീറ്റിന്റെയും ജങ്ഷനുകൾക്കിടയിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളുന്ന 650 മീറ്റർ നീളമുള്ളതാണ് പാലം. അൽ ഖൈൽ റോഡിൽ നിന്ന് അൽ വഹ സ്ട്രീറ്റിലേക്കും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിലേക്കും ഗതാഗതം ബന്ധിപ്പിക്കുന്നതിന് 2,170 മീറ്റർ ഉപരിതല റോഡ് മെച്ചപ്പെടുത്തലും പ്രവൃത്തികളിൽ ഉൾപ്പെടുന്നു.
ഖദീർ അൽ തായർ
അൽ മൈദാൻ റോഡിനും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനുമിടയിൽ രണ്ട് പാതകളുള്ള 640 മീറ്റർ പാലം. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ നിന്ന് ദേരയിലേക്കുള്ള അൽ ഖൈൽ റോഡിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്ന പാലത്തിന് മണിക്കൂറിൽ 32,00 വാഹനങ്ങളെ ഉൾക്കൊള്ളാനാകും.
അൽ ഖൈൽ റോഡിൽ നിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്നതിന് 1,350 മീറ്റർ നീളത്തിൽ ഉപരിതല റോഡ് മെച്ചപ്പെടുത്തലും നടത്തി.
ജുമൈറ വില്ലേജ് സർക്കിൾ
അൽ ഖൈൽ റോഡിൽ നിന്ന് ഹെസ്സ സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്നതിനായി ഹെസ്സ സ്ട്രീറ്റിനും അൽ ഖമീല സ്ട്രീറ്റിനും ഇടയിലായി 700 മീറ്റർ നീളത്തിലാണ് പാലം. രണ്ട് പാതകളുള്ള പാലത്തിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാം. കൂടാതെ 900 മീറ്ററിൽ ഉപരിതല റോഡ് മെച്ചപ്പെടുത്തി.
അൽ ജദ്ദാഫ്
അൽ ജദ്ദാഫിലെ അൽ ഖൈൽ റോഡിൽ ദെയ്റയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി 600 മീറ്ററിൽ പുതിയ പാത ചേർത്തുകൊണ്ട് ഉപരിതല വിപുലീകരണ പ്രവർത്തനങ്ങൾ നടത്തി. ഊദ് മേത്ത സ്ട്രീറ്റിനും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിനും ഇടയിലുള്ള റോഡിന്റെ ശേഷി മണിക്കൂറിൽ 2,000 വാഹനങ്ങളായി വർധിച്ചു.
ബിസിനസ് ബേ
അൽ ഖൈൽ റോഡിൽ നിന്ന് ബിസിനസ് ബേ ഏരിയയിലേക്കുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ജബൽ അലി ദിശയിലുള്ള റോഡിന്റെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുമായി ബിസിനസ് ബേയിലേക്കുള്ള പ്രവേശന കവാടത്തിൽ 435 മീറ്റർ അധിക പാത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.