അൽ ഖത്ര മരുഭൂമിയിലെ ജൈവ സത്രം
text_fieldsദുബൈ: ഷാർജയിലെ അൽ സജ വ്യവസായ മേഖല ലോകപ്രശസ്തമാണ്. വ്യവസായ-വാണിജ്യ മേഖലകളും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും മാത്രം ഉൾക്കൊള്ളുന്ന പ്രദേശമാണ് അൽ സജ എന്നായിരിക്കും ശരാശരി കാഴ്ച്ചപ്പാടെങ്കിൽ അത് തെറ്റാണ്. ആറു ബുർജ് ഖലിഫയേക്കാൾ ആഴമുള്ള, പ്രകൃതിവാതകം സംഭരിക്കുന്ന കിണറുകൾക്കുമപ്പുറം വിശാലമായൊരു ഹരിതമനോഹര തീരമുണ്ട് സജയിൽ. വിനോദ സഞ്ചാരികൾ ആരും എത്താത്ത, സാമൂഹ്യ മാധ്യമങ്ങളിൽ അധികം വേരോട്ടം കിട്ടാത്ത പ്രകൃതിയുടെ ഈ തേരോട്ടം അതി മനോഹരമാണ്. 2.5 കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയുമുള്ള ജൈവകലവറയാണിത്.
2016ലാണ് ഇവിടെ കുളങ്ങൾ രൂപപ്പെടുന്നത്. ഇൻഡസ്ട്രിയൽ ഏരിയയുടെ പ്രാന്തപ്രദേശത്ത്, മണൽക്കൂന/ചരൽ സമതല ആവാസവ്യവസ്ഥയുടെ മിശ്രിതങ്ങളാൽ രൂപപ്പെട്ട അതിരുകൾക്കുള്ളിലാണ് ഈ കൗതുകം. പലതരം പക്ഷികളുടെയും പ്രാണികളുടെയും ആവാസകേന്ദ്രമാണിത്. ഖത്രയിലെ പക്ഷികളിലധികവും ദേശാടകരാണ്.
ഫെറുജിനസ് താറാവുകൾ ഉൾപ്പെടെ 26 ഇനം പക്ഷികളാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത്. വെള്ളത്തിലെ മരകുറ്റികളിൽ വെറുതേ കുത്തിയിരിക്കാൻ ഇഷ്ടപ്പെടുന്ന ദേശാടനപക്ഷികളായ വിളനോക്കി എന്നു വിളിക്കുന്ന കരിതപ്പി, കാക്കകൾ, തിരമുണ്ടി, മുങ്ങാങ്കോഴി, കരിംകിളി, വെള്ളക്കണ്ണി എരണ്ട, ഈജിപ്ഷ്യൻ താറാവ്, ചെറുമണൽക്കോഴി, മണലൂതി കുരുവി, പവിഴക്കാലി, കൈതക്കള്ളൻ, വയലാറ്റ, കറുപ്പൻ തേൻകിളി, ശരപക്ഷി, നാട്ടുവേലിതത്ത, വെള്ള വാലുകിലുക്കി, ചെങ്കണ്ണി തിത്തിരി, അങ്ങാടി കുരുവി, തവിടൻ പ്രാവ്, ഉപ്പുപ്പൻ (ഹുപ്പു), പേനകാക്ക തുടങ്ങിയ ദേശാടകരായ പക്ഷികൾ ഖത്രയുടെ നിശബ്ദ താഴ്വരയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നു. സജ മാലിന്യ നിക്ഷേപ കേന്ദ്രത്തിനും ജൈവവൈവിധ്യത്തിനും ഇടയിലൂടെയുള്ള സഞ്ചാരത്തിനിടക്കാണ് ഇവ ഇരപ്പടിക്കുന്നത്. ഖത്രയുടെ പ്രത്യേകത മലിന ജലത്തെ ശുദ്ധീകരിച്ച് തനത് രൂപത്തിൽ സംരക്ഷിക്കുന്നു എന്നതാണ്. ഇത്തരത്തിൽ രൂപപ്പെട്ട തടാകങ്ങളാണ് സസ്യങ്ങളെ പോറ്റി വളർത്തുന്നത്. ചുറ്റുമുള്ള മണൽത്തീരങ്ങൾ പലതരം പുല്ലുകൾക്കും ചെമ്പരത്തികൾക്കും വലിയ കുറ്റിച്ചെടികൾക്കും ആവാസ വ്യവസ്ഥ നൽകുന്നു. യു.എ.ഇയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന, വറ്റാത്ത കുറ്റിച്ചെടി (Farsetia linearis) പോലുള്ള സസ്യങ്ങളും ഖത്ര കുളങ്ങൾക്ക് സമീപം സ്വാഭാവികമായി വളരുന്നു. ഏകദേശം 15 ഇനം സസ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാങ്ങണ, പേക്കുമ്മട്ടി, ഈശ്വരഗോള, ചിറ്റെരിക്ക് തുടങ്ങിയവ ഇവിടുത്തെ പ്രത്യേക സസ്യങ്ങളാണ്.
ഖത്രയിൽ ഋതുക്കൾ മാറുന്നതിനനുസരിച്ച് വ്യത്യസ്ത പ്രാണികൾ വളരുകയും പക്ഷികൾക്കും സസ്തനികൾക്കും ഉരഗങ്ങൾക്കും ധാരാളം ഭക്ഷണം നൽകുകയും ചെയ്യുന്നു. ചിലന്തികൾ ഈറ്റകളെ അവയുടെ സങ്കീർണ്ണമായ വലകളാൽ മൂടുന്നു. ചിത്രശലഭങ്ങൾ, വണ്ടുകൾ, പല്ലികൾ, ഉറുമ്പുകൾ എന്നിവ ഈറ്റകൾക്കും തടാകങ്ങൾക്കും ഉള്ളിൽ സങ്കീർണ്ണമായ ഭക്ഷ്യവലയത്തെ പിന്തുണക്കുന്നു.
അൽ സജ ബയോ റിഫൈനറി സന്ദർശിക്കാൻ ഖത്ര സ്കൂളുകളെ സ്വാഗതം ചെയ്യുന്നുണ്ട്. ഒരു ഗൈഡഡ് ടൂർ വഴി, സന്ദർശകർക്ക് മലിനജല സംസ്കരണത്തെക്കുറിച്ചും ജലത്തിന്റെ പുനരുപയോഗത്തെക്കുറിച്ചും അവലോകനം നൽകുവാൻ പ്രാപ്തരായ ഗൈഡുകൾ ഇവിടെയുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 06 5951175.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.