പൈതൃക പെരുമയിൽ അജ്മാനിലെ ‘അല്‍ മീസാന്‍’
text_fieldsനഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അജ്മാന് മ്യൂസിയത്തിനോട് ചേര്‍ന്ന് നില്ക്കുന്ന വശ്യ ചാരുതയാര്‍ന്ന ഒരു ശില്‍പ്പം ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. അല്‍ മീസാന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ശില്‍പ്പം ഏറെ മനോഹരമാണ്. അജ്മാന് മ്യൂസിയം, പൈതൃക നഗരി, സൂഖ് സലഹ് എന്നിവയോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്താണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. അറബികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെടുന്ന നാമമാണ് മീസാന്‍ എന്നത് . ബാക്കി, തുലാസുകൾ, അളവ്, ഭാരം തുടങ്ങിയ സംഗതികളെ വിവരിക്കുന്നിടത്ത് മീസാന്‍ എന്ന പദമാണ് വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യരുടെ കമങ്ങളുടെ ഉടമസ്ഥതയും നീതിയും അളക്കുന്നതിനെ മീസാന്‍ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. മീസാന്‍ എന്ന വാക്ക് അറബിക്ക് കാലിഗ്രഫിയിലൂടെയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു പക്ഷേ ഒറ്റനോട്ടത്തില്‍ മനസ്സിലായിക്കൊള്ളമെന്നില്ല. അജ്മാന്റെ പൈതൃക നഗരി സന്ദര്‍ശിക്കുന്നവര്‍ ഈ ശില്പ്പത്തിനടുത്തെത്താതെ പോകാറില്ല.
‘അൽ മിസാൻ’ ശില്പത്തിന്റെ രൂപഭംഗി ഏറെ ആസ്വാദ്യകരമാണ്. ഈ ശില്‍പ്പത്തിന്റെ നിഴലുകൾ പോലും അത് വഴി കടന്നുപോകുന്ന വിനോദ സഞ്ചാരികളുടെ മനസ്സുകളുമായി സംവദിക്കുന്നു. അറബി കാലിഗ്രാഫിയുടെ സർഗ്ഗാത്മകതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സൃഷ്ടി രൂപകല്‍പ്പന ചെയ്തത് ലോക പ്രശസ്ത കലാകാരൻ ഫൗസി അൽ സയ്യിദാണ്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രതിഫലിപ്പിക്കുന്ന നിരവധി ശില്പ്പങ്ങള് അറബിക്ക് കാലിഗ്രാഫിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഇദ്ദേഹത്തിന്റെതായി പണികഴിപ്പിച്ചിട്ടുണ്ട്. തുരുമ്പു പിടിക്കാത്തതും ഏറെ കാലം നിലനില്ക്കുന്നതുമായ വിത്യസ്ഥ തരം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ശില്‍പ്പത്തിന്റെ നിർമിതി. അജ്മാന്റെ കലാസാംസ്കാരിക രംഗങ്ങളുടെ ഭാഗമായ അൽ മിസാൻ ശില്പത്തിന് അഞ്ചു മീറ്റർ ഉയരവും 500 കിലോഗ്രാം ഭാരവുമുണ്ട്. പത്ത് കരകൗശല വിദഗ്ധര്‍ ആറു മാസത്തെ സമയമെടുത്താണ് ഇതിന്റെ പണി പൂര്‍ത്തീകരിച്ചത്. കല എന്നത് അന്തർദ്ദേശീയ ഭാഷയും സന്ദേശവുമാണ്.
അത് ദൂരങ്ങളെ മറികടന്ന് സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്നും അത് ദേശസ്നേഹത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും കലയും പൈതൃകവും സമ്പദ്വ്യവസ്ഥയും ഒത്തുചേർന്ന് അജ്മാൻ എമിറേറ്റിന്റെ വളർച്ചയ്ക്കും സമൃദ്ധിക്കും മുതല്കൂട്ടാകുമെന്നുമുള്ള കാഴ്ച്ചപ്പാടില്‍ നിന്നാണ് ഇതിന്റെ നിർമാണം ആരംഭിക്കുന്നത്. അജ്മാനിലെ വിവിധ ആഘോഷ ചടങ്ങുകളും ഇതിന്റെ പരിസരത്ത് വെച്ചാണ് നടത്തിപ്പോരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.