മാറ്റങ്ങളുമായി അൽ നഹ്‌വ ഓൾഡ് ഹാംലെറ്റ് വിനോദ കേന്ദ്രം
text_fieldsഷാർജ: പുതിയ മാറ്റങ്ങളുമായി ഷാർജ ഖോർഫക്കാനിലെ അൽ നഹ്‌വ ഹാംലെറ്റ് വിനോദ കേന്ദ്രം. പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി. ചരിത്രത്തെയും പൈതൃകത്തെയും ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കി സഞ്ചാരികൾക്ക് പുതിയ കാഴ്ച വിരുന്നൊരുക്കുകയാണ് അൽ നഹ്‌വ ഓൾഡ് ഹാംലെറ്റിൽ.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിലാണ് പുതിയ മാറ്റങ്ങളോടെ അൽ നഹ്‌വ ഹാംലെറ്റ് വിനോദ കേന്ദ്രം ആരംഭിക്കുന്നത്. ഖോർഫക്കാൻ നഗരത്തിലെ അൽ നഹ്‌വയിൽ പൈതൃകവും വിനോദവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഷാർജ സർക്കാറിന്‍റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പുരാവസ്തു, ചരിത്രങ്ങൾ എന്നിവയും ഉൾപ്പെടുന്നു. പഴയ അൽ നഹ്‌വയുടെ സമീപമാണ് പുതിയ മാറ്റങ്ങളോടു കൂടിയ വിനോദ കേന്ദ്രം ആരംഭിക്കുന്നത്. ഷാർജ പുരാവസ്തു അതോറിറ്റിയുടെ പുരാവസ്തു കേന്ദ്രവും ആയിരക്കണക്കിന് വർഷം പഴക്കമുള്ള കൊത്തുപണികളുള്ള പാറകളും ഇതിൽ ഉൾപ്പെടുന്നു.
പരമ്പരാഗത ശൈലിയിൽ രൂപകല്പന ചെയ്ത പദ്ധതിയിൽ ചടങ്ങുകളും പരിപാടികളും നടത്താനുള്ള സ്ഥലങ്ങളും തിയറ്ററും പ്രദേശത്തിന്‍റെ പൈതൃകം വ്യക്തമാക്കുന്ന മറ്റ് സൗകര്യങ്ങളും പ്രാർഥന മുറികളും ഉൾപ്പെടുന്നു. സഞ്ചാരികൾക്ക് മലമുകളിലെത്താൻ ഷാർജ പുരാവസ്തു അതോറിറ്റിയുടെ മേൽനോട്ടത്തിൽ വഴികൾ ഒരുക്കുന്നുണ്ട്. അതിനാൽ സഞ്ചാരികൾക്ക് പുരാവസ്തു ഗോപുരങ്ങൾ കാണാനും മലമുകളിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.