കാത്തിരിപ്പിനറുതി; അൽ നിയാദി ഇന്ന് പുറപ്പെടും
text_fieldsദുബൈ: ഒരു ജനത മുഴുവൻ പൂച്ചെണ്ടുകളും ഹാരങ്ങളുമായി സ്വീകരിക്കാൻ കാത്തിരിക്കുന്ന അറബ് ലോകത്തിന്റെ ബഹിരാകാശ ‘സുൽത്താൻ’ ഞായറാഴ്ച പുറപ്പെടും.
യു.എ.ഇ സമയം വൈകീട്ട് 3.05ന് ബഹിരാകാശ നിലയത്തിൽനിന്ന് പേടകം പുറപ്പെടുമെന്നും തിങ്കളാഴ്ച രാവിലെ 8.07ന് ഭൂമിയിൽ എത്തിച്ചേരുമെന്നും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ ക്രൂ-6 സംഘത്തിന്റെ യാത്ര കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ച് കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചതായി ‘നാസ’ അറിയിച്ചിരുന്നു. യു.എസിലെ ഫ്ലോറിഡ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിലാണ് പേടകം വന്നിറങ്ങുക. സുൽത്താനെ സ്വാഗതം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ‘സേഫ് റിട്ടേൺ സുൽത്താൻ’ എന്ന ഹാഷ്ടാഗിൽ നിരവധിപേരാണ് കഴിഞ്ഞ ദിവസം കുറിപ്പുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്.
യു.എ.ഇയുടെ അഭിമാനം വാനോളമുയർത്തിയ ബഹിരാകാശ യാത്രികന് ഉചിതമായ സ്വീകരണമൊരുക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇഡാലിയ ചുഴലിക്കാറ്റ് കാരണമാണ് യാത്ര കൂടുതൽ അനുയോജ്യമായ സമയത്തേക്ക് മാറ്റിയിരുന്നത്. ശനിയാഴ്ച വൈകീട്ടോടെ പ്രദേശത്ത് കാലാവസ്ഥ അനുകൂലമായ നിലയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയിലെ സ്വദേശികളും താമസക്കാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മടക്കയാത്ര മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം തത്സമയം വെബ്സൈറ്റ് വഴി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. സഹയാത്രികരായ നാസയുടെ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റഷ്യയുടെ ആൻഡ്രേ ഫെദ്യാവ് എന്നിവരും നിയാദിക്കൊപ്പം മടങ്ങും.
സുൽത്താന്റെ മടക്കം തത്സമയം കാണാം
ദുബൈ: ശനിയാഴ്ച യു.എ.ഇ സമയം വൈകീട്ട് 3.05ന് പുറപ്പെടുന്ന സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്രക്ക് ഉച്ച ഒരുമണി മുതൽ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം തത്സമയ കവറേജ് നൽകും.നാസ ടി.വിയിലും പ്രധാന ഭാഗങ്ങളുടെ ടെലികാസ്റ്റുണ്ടാകും. ഞായറാഴ്ച യു.എ.ഇ സമയം രാവിലെ 7.30 മുതൽ ഭൂമിയിലെത്തുന്ന കാഴ്ചകളും തത്സമയം ടെലികാസ്റ്റ് ചെയ്യും.
അൽ നിയാദിക്ക് ആശംസകളുമായി പിതാവ്
ദുബൈ: ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തുന്ന സുൽത്താൻ അൽ നിയാദിക്ക് സുരക്ഷിതമായ യാത്ര ആശംസിച്ച് പിതാവ് സെയ്ഫ് അൽ നിയാദിയുടെ വിഡിയോ സന്ദേശം. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രമാണ് സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
രാജ്യത്തിനും മേഖലക്കും അഭിമാനമായ നേട്ടത്തിൽ പ്രശംസ ചൊരിഞ്ഞുകൊണ്ടാണ് യാത്ര സുരക്ഷിതമാകട്ടെ എന്ന ആശംസ അറിയിച്ചത്. എല്ലാ ഇമാറാത്തി പൗരന്മാരും നിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു. യു.എ.ഇക്കും അറബ് ലോകത്തിനും നാഴികക്കല്ലാണ് ഈ നേട്ടം. നിന്റെ സുരക്ഷിതമായ മടക്കം ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ് ഞങ്ങൾ -അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. അബൂദബി എമിറേറ്റിലെ അൽ ഐനാണ് അൽ നിയാദിയുടെ സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.