ബഹിരാകാശത്ത് പ്രമേഹ ചികിത്സയിൽ ഗവേഷണവുമായി അൽ നിയാദി
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുപ്രധാന ഗവേഷണം ആരംഭിച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി. പ്രമേഹ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട മരുന്ന് കണ്ടെത്താൻ ലക്ഷ്യമിടുന്ന ഗവേഷണം ആരംഭിച്ചതായി അൽ നിയാദി തന്നെയാണ് വെളിപ്പെടുത്തിയത്. ദുബൈ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) ഉൾപ്പടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിന് മരുന്ന് രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന ‘മാലിത്’ പദ്ധതി നടപ്പാക്കുന്നത്. പ്രമേഹബാധിതരുടെ കാലിലെ അൾസർ ചികിത്സ കാര്യക്ഷമമാക്കാനും രോഗംബാധിച്ച ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനുമാണ് ശാസ്ത്രലോകം ലക്ഷ്യമിടുന്നത്.
ബഹിരാകാശ അന്തരീക്ഷം ഉപയോഗിച്ച് ബയോമെഡിക്കൽ സയൻസിലും ഹെൽത്ത്കെയറിലും പ്രധാനപ്പെട്ട ഗവേഷണമാണ് നടത്തുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് അൽ നിയാദി പറഞ്ഞു. അതിരുകളില്ലാതെ അറിവ് നേടാൻ ബഹിരാകാശത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഞങ്ങൾ. ലോകത്തെ 50 കോടി പ്രമേഹ രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാൻ ഇത് ഉപകരിച്ചേക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷനൽ കമേഴ്സ്യൽ എക്സ്പെരിമെന്റ് ക്യൂബ്സ് സർവിസ് എന്ന് വിളിക്കുന്ന ബഹിരാകാശ നിലയത്തിലെ യൂറോപ്പിന്റെ വാണിജ്യ ഗവേഷണ സൗകര്യമാണ് പഠനത്തിന് ഉപയോഗിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം, സൗദി അറേബ്യയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ, യു.എസിലെ വെയിൽ കോർണൽ മെഡിസിൻ എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരുമായി സഹകരിച്ച് മാൾട്ട സർവകലാശാലയിലെ ബയോമെഡിക്കൽ വകുപ്പാണ് ‘മാലിത്’ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.
അന്താരാഷ്ട്ര സഹകരണത്തിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളുടെ തുടക്കം മാത്രമാണ് ഈ പരീക്ഷണമെന്നും പദ്ധതിയുടെ ഫലങ്ങൾ ഭാവിതലമുറയെ പ്രചോദിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അൽ നിയാദി പറഞ്ഞു. പദ്ധതിയിൽ യു.എ.ഇ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യവും അദ്ദേഹം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.