‘ഇത്ര വേഗം തിരിച്ചെത്തുമെന്ന് കരുതിയില്ല’ -അൽ നിയാദിയുടെ ട്വീറ്റ്
text_fieldsദുബൈ: അപ്രതീക്ഷിതമായി അവസാന നിമിഷത്തിൽ ബഹിരാകാശ യാത്ര മുടങ്ങിയെങ്കിലും നിരാശയൊട്ടുമില്ലാതെ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി. അൽപം തമാശ കലർന്ന രൂപത്തിൽ ട്വീറ്റ് ചെയ്താണ് തന്റെ ആദ്യ പ്രതികരണം അൽ നിയാദി അറിയിച്ചത്. ‘എന്റെ മക്കളോട്, ബഹിരാകാശത്തുനിന്ന് വേഗത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാലിത് ഇത്ര വേഗത്തിലാകുമെന്ന് കരുതിയില്ല’ എന്നാണ് അറബിയിലും ഇംഗ്ലീഷിലും ട്വിറ്ററിൽ കുറിച്ചത്. സംഘാംഗങ്ങളെല്ലാം സുരക്ഷിതരാണ്. എല്ലാവരുടെയും ആത്മവിശ്വാസം ഉയർന്നുതന്നെ നിൽക്കുന്നു.
വിക്ഷേപണം റദ്ദാക്കപ്പെടുന്ന സാഹചര്യം നേരിടുന്നതിന് നേരത്തെ പരിശീലനം നേടിയിരുന്നു. ക്രൂവിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനം -അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. തിങ്കളാഴ്ച ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് ഫാൽക്കൺ-9 റോക്കറ്റിൽ പറന്നുയരേണ്ടതായിരുന്നു അൽ നിയാദി. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികൻ എന്ന നേട്ടത്തിലേക്ക് പറന്നുയരുന്ന അദ്ദേഹത്തിന്റെ യാത്ര വളരെ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരുന്നത്. അവസാന നിമിഷത്തിൽ കണ്ടെത്തിയ സാങ്കേതിക കാരണങ്ങളാലാണ് യാത്ര മുടങ്ങിയത്.
റോക്കറ്റിൽനിന്ന് ഇന്ധനം പൂർണമായും ഒഴിവാക്കിയ ശേഷമാണ് യാത്രികരെ സുരക്ഷിതമായി പുറത്തുകടത്തിയത്. അതിനിടെ തിങ്കളാഴ്ചത്തെ സാങ്കേതിക തകരാർ സംബന്ധിച്ച് വിശദമായ പരിശോധന അധികൃതർ നടത്തിവരുകയാണ്. വ്യാഴാഴ്ച യു.എ.ഇ സമയം രാവിലെ 9.34നാണ് നിലവിൽ വിക്ഷേപണം പുനർനിശ്ചയിച്ചിട്ടുള്ളത്. അവസാന മിനിറ്റിൽ വിക്ഷേപണം മുടങ്ങിയതിന് കാരണമായി അധികൃതർ വിശദീകരിച്ചത്, റോക്കറ്റ് എൻജിനുകൾ ജ്വലിപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തിലെ പിഴവാണ്. എൻജിനുകൾ നേരത്തെ കൃത്യപ്പെടുത്തിയ സമയത്ത് പ്രവർത്തിച്ചുതുടങ്ങാൻ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ഒരുക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.