ബഹിരാകാശത്ത് പ്രിയം മാംഗോ സാലഡ്, വിനോദം ചെസ്
text_fieldsദുബൈ: ഭൂമിയിലെത്തിയ ശേഷം ബഹിരാകാശത്തെ ജീവിതം വീണ്ടും കൊതിക്കുന്നുണ്ടെങ്കിലും സുരക്ഷിതമായി തിരിച്ചെത്താനായതിൽ സന്തുഷ്ടനാണെന്ന് സുൽത്താൻ അൽ നിയാദി. ഈ മാസം നാലിന് ഭൂമിയിലെത്തിയ ശേഷം ആദ്യമായി ‘നാസ’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്.
യു.എസിലെ ഹ്യൂസ്റ്റണിൽ കഴിയുന്ന അദ്ദേഹം സഹയാത്രികരായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ് എന്നിവരോടൊപ്പമാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
ആറുമാസത്തെ ബഹിരാകാശ ജീവിതാനുഭവങ്ങൾ പങ്കുവെച്ച അഭിമുഖത്തിൽ ഭക്ഷണക്രമവും വിനോദങ്ങളും എല്ലാം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മാംഗോ സാലഡ് ആയിരുന്നു പ്രിയപ്പെട്ട ഭക്ഷണമെന്നുപറഞ്ഞ അദ്ദേഹം, വൈവിധ്യമാർന്ന മെനു തന്നെ ബഹിരാകാശത്ത് ലഭ്യമായിരുന്നുവെന്ന് വ്യക്തമാക്കി. ജപ്പാൻ ബഹിരാകാശ ഏജൻസിയിൽ നിന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിൽ നിന്നും ഭക്ഷണം എത്തിച്ചിരുന്നു. അതേപോലെ ഒരു ഇമാറാത്തി ഭക്ഷണരാവ് ഞങ്ങൾ ഒരുക്കിയിരുന്നു.
പരമ്പരാഗാത യു.എ.ഇ വിഭവങ്ങളാണ് ആ ദിവസം കഴിച്ചത്. സാധാരണ ഗതിയിൽ ആറുമാസം പ്രത്യേക ഭക്ഷണം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് വരേണ്ടതാണ്. എന്നാൽ, എനിക്ക് അവസാനം വരെ മാംഗോ സാലഡിനോട് പ്രിയമായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സഹയാത്രികനായ ‘നാസ’യുടെ വുഡി ഹോബർഗ് മാക്രോണിയും ചീസുമാണ് തനിക്ക് ഇഷ്ടപ്പെട്ട വിഭവമെന്ന് പറഞ്ഞു.
ബഹിരാകാശത്തായിരിക്കെ പ്രധാന വിനോദം ചെസായിരുന്നുവെന്നും അൽ നിയാദി പറഞ്ഞു. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായും മറ്റുള്ളവരുമായും ചെസ് കളിക്കാറുണ്ട്. അപകടകരമല്ലാത്ത പ്രാങ്കുകൾക്കും മറ്റു ചെറിയ ഗെയിമുകൾക്കും സമയം കണ്ടെത്തിയിരുന്നു. തിരക്കിട്ട ശാസ്ത്ര ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഇടയിലാണ് ഇക്കാര്യങ്ങൾക്ക് സമയം കണ്ടെത്തിയതെന്നും അൽ നിയാദി പറഞ്ഞു.
ഭൂമിയുടെ ഫോട്ടോകൾ പകർത്തുന്നതും പ്രധാനപ്പെട്ട ഹോബിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ എല്ലാം വളരെ ഭാരമേറിയതായി അനുഭവപ്പെട്ടുവെന്നും ഒരു ഗ്ലാസ് വെള്ളം കൈയിലെടുക്കാൻപോലും പ്രയാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മണിക്കൂറുകൾ കഴിയുന്നതിന് അനുസരിച്ച് ഗുരുത്വാകർഷണ ബലവുമായി താദാത്മ്യപ്പെട്ടുവെന്നും അൽ നിയാദി ഓർത്തെടുത്തു.
മാർച്ച് മൂന്നിന് ബഹിരാകാശത്തെത്തി ആറുമാസം ചെലവഴിച്ച അൽ നിയാദി ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ആദ്യ അറബ് വംശജനാണ്. ഹൂസ്റ്റണിൽ യാത്രാനന്തര പരിശോധനകളും ചികിത്സയും അദ്ദേഹം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.