മഴയിൽ വിരിഞ്ഞ തടാകം
text_fieldsദുബൈയിലെ മരുഭൂ സൗന്ദര്യമാണ് അൽ ഖുദ്റ മരുഭൂമി. ശാന്തമായ അന്തരീക്ഷവും മരുഭൂമിയിലെ മനോഹര കാഴ്ചകളും കാണാനായി അൽ ഖുദ്റയുടെ അകത്തേക്ക് സഞ്ചരിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് തണുപ്പുകാലങ്ങളിൽ നിരവധിപേർ കാമ്പിങും മറ്റുമായി ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. ഇവിടെ ഏവരെയും ആകർഷിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രമാണ് അൽ ഖുദ്റ തടാകം. സെയ്ഹ് അൽ സലാം മരുഭൂമിയുടെ മധ്യത്തിലാണ് അൽ ഖുദ്റ തടാകം സ്ഥിതി ചെയ്യുന്നത്. 180 ലധികം പക്ഷികളുടെ ആവാസ കേന്ദ്രമാണിത്. ചിത്രങ്ങൾ പകർത്താനായി ധാരാളമാളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്. ഈ പ്രദേശത്ത് മാനുകളും മരുഭൂ കുറുക്കന്മാരെയും കാണുന്നത് അസാധാരണമല്ല. ക്യാമ്പ് ചെയ്ത് പ്രകൃതി ആസ്വദിക്കാനുമുള്ള പ്രധാനപ്പെട്ട സ്ഥലമായി തടാകം മാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് പെയ്തിറങ്ങിയ മഴ പലർക്കും ദുരിതമായപ്പോൾ അൽ ഖുദ്റ മരുഭൂമിക്ക് അത് ജീവൻ പകരുകയാണുണ്ടായത്. 75വർഷത്തെ എല്ലാ റെക്കോർഡുകളും അപ്രസക്തമാക്കിയ മഴക്ക് ശേഷം ഇവിടെനിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും അത് വിളിച്ചു പറയുന്നു. കാരണം അൽ ഖുദ്റയിൽ സന്ദർശകർക്കായി പുതിയ കൊച്ചുകൊച്ചു തടാകങ്ങൾക്ക് ജന്മം നൽകിയാണ് മഴ പിൻവാങ്ങിയിരിക്കുന്നത്. തെളിഞ്ഞ വെള്ളം നിറഞ്ഞ ഈ തടാകങ്ങൾ അത്രവേഗത്തിലൊന്നും വറ്റിവരളുന്നതല്ല. മാത്രമല്ല അങ്ങിങ്ങായി ചെറു അരുവികൾ പോലെ വെള്ളം ഒഴുകുന്നുമുണ്ട്.
കുടിവെള്ളം തേടിയെത്തുന്ന അറേബ്യൻ മാനുകളുടെയും മുയലുകളുടെയും മറ്റും കേന്ദ്രമായി ഈ തടാകങ്ങൾ മാറിയേക്കാം. മാത്രമല്ല നനഞ്ഞ മണ്ണിൽ പതിയെ മരുഭൂ സസ്യങ്ങൾ മുളച്ചുപൊങ്ങുകയും ചെയ്യും. ഇവക്കെല്ലാം പുറമെ, ദേശാടനക്കിളികൾ വിരുന്നെത്തുക കൂടി ചെയ്താൽ പ്രകൃതിയുടെ അതിശയകരമായ കാഴ്ചകളുടെ ഇടമായിത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.