അൽ സഹബ്; ഹജർ മലയിലെ പറുദീസ
text_fieldsഋതുഭേദങ്ങൾക്കനുസരിച്ച് വെയിലും നിലാവും ശിശിരത്തിലെ കോടമഞ്ഞും ആർത്തുല്ലസിക്കാനെത്തുന്ന ഹജർമലയുടെ മുകളിലെ അൽ സഹബ് എന്ന വിശ്രമ-വിനോദ കേന്ദ്രം സന്ദർശകർക്ക് പ്രിയപ്പെട്ടതാണ്. മലയിൽനിന്നാൽ കടൽ താളുകളിലെ വിസ്മയങ്ങൾ കാഴ്ച്ചയിലേക്ക് കടന്നുവന്ന് അടയാള പാറകളുടെ കഥകൾ പറയും. ഖോർഫക്കാൻറ വിണ്ണും മണ്ണും കടലും മേടും ഒന്നിച്ചാസ്വദിക്കുവാൻ സാധിക്കുന്ന ഈ പ്രകൃതി സൗന്ദര്യം യു.എ.ഇയിലെ തന്നെ ആദ്യത്തേതാണ്. ആടും ഒട്ടകവും കഴുതകളും നമ്മുടെ കാഴ്ച്ചയിലെമ്പാടും മേഞ്ഞുനടക്കും. കുറുക്കൻ പാത്തുപതുങ്ങിവരും. ചെന്നായകൾ ഏതുസമയത്തും കാഴ്ച്ചയിലേക്ക് ചാടിവീഴാം. മയിലുകൾ എപ്പോൾ വേണമെങ്കിലും നൃത്തം വെക്കാം, കുയിലുകളൊന്ന് പാടിയാൽ മതി.
സമുദ്രനിരപ്പിൽ നിന്ന് 580 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സൗന്ദര്യം ഖോർഫക്കാന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ പുതു വിസ്മയം കുറിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. 30 മീറ്റർ വ്യാസമുള്ള വ്യതിരിക്തമായ വൃത്താകൃതിയിലാണ് ഈ വിനോദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ഖോർഫക്കാൻ നഗരത്തിന്റെ മനോഹര ദൃശ്യങ്ങൾ കാണാൻ കഴിയും. മലമുകളിലെത്തുന്നവരെ കാത്ത് ജലധാരകൾ, റസ്റ്റാറൻറ്, കഫറ്റീരിയ എന്നിവയുണ്ട്. 90 കാറുകൾക്ക് ഒരേ സമയം പാർക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. താഴ്വരയിൽ നിന്ന് അൽ സഹബിലേക്ക് പോകുന്ന ചുരം റോഡിന് 5.63 കിലോമീറ്റർ നീളമുണ്ട്. റോഡിനിരുവശവും സദാസമയവും പൂത്തും കായ്ച്ചും നിൽക്കുന്ന മരങ്ങൾ. ചില്ലകൾ നിറയെ പക്ഷികളുടെ പാട്ടുകൾ. വേനലിൽ പൂത്തുലഞ്ഞ അലസിപ്പൂമരങ്ങളും കണിക്കൊന്നകളും അൽ സഹബിനെ വർണാഭമാക്കുന്നു. മെയ് ഫ്ലവറിന്റെ ചുവപ്പിനുള്ളിൽ പൂമ്പാറ്റകളുടെ വർണ ചിലമ്പൊലികൾ. കൊന്നപ്പൂക്കളുടെ സ്വർണ വർണത്തിനുള്ളിൽ അങ്ങാടി കുരുവികളുടെ പ്രണയമൊഴികൾ.
സഹബിന്റെ വരാന്തയിൽനിന്ന് അസ്തമയം കാണണം. താഴെ അലയടിക്കുന്ന കടലിലേക്ക് പകൽ താഴ്ന്നു പോകുന്നത് ഏറെ നേരം ആസ്വദിക്കാം. നക്ഷത്രങ്ങൾ കുളി കഴിഞ്ഞ് ആകാശ വേദിയിലേക്ക് വരുന്നതും അതറിയിച്ച് പക്ഷികൾ പാറി പറക്കുന്നതും കാണേണ്ട കാഴ്ച്ചയാണ്. കടലോരത്ത് പോയാൽ പോലും കാണാൻ സാധിക്കാത്ത തിര സൗന്ദര്യത്തെയാണ് സഹബ് നമുക്കായി കാത്തുവെച്ചിരിക്കുന്നത്. കടപ്പുറത്ത് നിന്ന് കുറച്ച് മാറി 580 അടി ഉയരത്തിൽ നിന്ന് കടൽ കണ്ടാലുള്ള സുഖമൊന്ന് ഓർത്തുനോക്കു, ഏഡി മീനുകളുടെ തിരയിൽ നിന്ന് പൊങ്ങി അന്തരീക്ഷത്തിൽ മലക്കം മറിയുന്ന ഭംഗി ഒന്ന് ഓർത്ത് നോക്കു-അതാണ് സഹബ് നീട്ടുന്ന സമ്മാനം. പൂക്കൾക്കിടയിലൂടെ കടലിനൊരു കയറി വരവുണ്ട് കാഴ്ച്ചയിലേക്ക്, അതൊരു വല്ലാത്ത അനുഭൂതി നിറഞ്ഞ കാഴ്ച്ചയാണ്. അടയാള പാറകളെ മീട്ടി പാടുന്ന തിരമാലകൾ പത്തേമാരി മാലകളും പാടുന്നതായി തോന്നും. ഭൂതകാല കേരളക്കരയിൽ നിന്ന് പോയ പത്തേമാരികൾ വർത്തമാന കാലത്തിലേക്ക് അടിയുലഞ്ഞ് വരുന്നത് കാണാം. കേരളത്തെ ഈ നിലയിലേക്ക് മാറ്റിയതിൽ ആ പത്തേമാരികൾ വഹിച്ച പങ്ക് അടയാള പാറകളോളം അറിയുന്നവർ വേറെയില്ല.
ചില്ലുമതിൽ കൊണ്ടാണ് സഹബ് സംരക്ഷം ഒരുക്കിയിരിക്കുന്നത്. ഓരോ ഭാഗത്ത് നിന്ന് നോക്കിയാലും കാഴ്ച്ചകൾ മാറിമറിയുന്ന മാന്ത്രികത. കടൽ, മലനിരകൾ, കൃഷിയിടങ്ങൾ, പറമ്പുകൾ ഇവിടെ എല്ലാതെ എവിടെയാണ് ഈ ചതുർവർണ കാഴ്ച്ചകൾ ഒറ്റ ഫ്രയിമിൽ ആസ്വദിക്കാനാവുക. തീൻ മേശയിലിരുന്നാൽ കടലുകാണാം. കടലും തൊട്ട് കൂട്ടിയൊരു ഭക്ഷണം. കളികളത്തിൽ നിന്നാലും കടലുകാണാം. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ചാസ്വദിക്കുവാനുള്ള നിരവധി വിനോദങ്ങൾ ഈ മലമുകളിലുണ്ട്. രാത്രിയിലാണ് ഖോർഫക്കാന്റെ നഗരസൗന്ദര്യം കൂടുതൽ ദൃശ്യമാകുക. വൈദ്യുതി വിളക്കുകൾ ഉടുത്ത് നഗരത്തിനൊരു കയറി വരവുണ്ട്. കാഴ്ച്ചയുടെ അതുവരെയുള്ള എല്ലാ വിസ്മയങ്ങളെയും അതില്ലാതാക്കി പുത്തനാം അഴകിന്റെ ശിൽപങ്ങൾ കാഴ്ചയുടെ മുറ്റത്തേക്ക് കടന്നുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.