അല്‍ ശമല്‍: സമ്പന്ന ചരിത്രം, ഹരം പകരുന്ന കണ്ടെത്തലുകള്‍
text_fieldsആറ്, ഏഴ് നൂറ്റാണ്ടുകളില്‍ ഒമാെൻറ ഭക്ഷ്യ സംഭരണ അറയായി അറിയപ്പെട്ടിരുന്ന റാസല്‍ഖൈമയിലെ പ്രദേശങ്ങളില്‍ മുന്‍നിരയിലാണ് അല്‍ ശമല്‍. ദേശീയപാതയായ 611 അല്‍ ശമലിന് പുതുമുഖം നല്‍കുന്നുവെങ്കിലും അല്‍ ശമല്‍ പറയുന്നത് യു.എ.ഇയുടെ സാംസ്കാരിക ഒൗന്നത്യം ഉയര്‍ത്തിപിടിക്കുന്ന ഗതകാല വര്‍ത്തമാനം. ഉമ്മുല്‍നാര്‍ നാഗരികത, തുടക്ക വെങ്കല യുഗം, അയോ യുഗം, ഹെല്ലനിക് ആൻഡ് പാര്‍ത്യന്‍, അബ്ബാസിയ തുടങ്ങിയ കാലഘട്ടങ്ങളിലെല്ലാം അല്‍ ശമല്‍ സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടത്തിലായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. ഇവിടെ പുരാതന ശവകുടീരങ്ങളില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികള്‍ക്ക് 4000 വര്‍ഷങ്ങളോളം പഴക്കമുണ്ടെന്നാണ് നിഗമനം. അമേരിക്കന്‍ സര്‍വകലാശാലകളുമായി ചേര്‍ന്ന് റാക് പുരവാസ്തു വകുപ്പ് നടത്തിയ ഗവേഷണത്തിലാണ് അസ്ഥികളുടെ കാലപ്പഴക്കം നിര്‍ണയിച്ചത്.
പുരാതന ശവകുടീരങ്ങള്‍, വാസ സ്ഥലങ്ങള്‍, ഒരു മധ്യകാല കോട്ട എന്നിവയുടെ ശേഷിപ്പുകള്‍ കേന്ദ്രീകരിച്ചാണ് അല്‍ശമലില്‍ ഖനന ഗവേഷണങ്ങള്‍ തുടരുന്നത്. ബി.സി 2600-2000 കാലഘട്ടമാണ് ഉമ്മുല്‍നാര്‍ നാഗരികത. വെങ്കല യുഗത്തില്‍ ഈ പ്രദേശത്ത് വസിച്ചിരുന്നവരുടെ സമ്പൂര്‍ണ വിവര സമാഹരണമെന്ന ലക്ഷ്യത്തോടെയാണ് വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് റാക് പുരാവസ്തുവകുപ്പ് ഗവേഷണം നയിക്കുന്നത്. 22 വര്‍ഷം മുമ്പ് ശമലില്‍ നിന്ന് ഖനനം ചെയ്ത 1000 കിലോ തൂക്കം വരുന്ന അസ്ഥികളും പല്ലുകളും ഐസോടോപ്പ് വിശകലനം ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾക്ക് വിധേയമാക്കി.
4000 വര്‍ഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങളിലെ ഗവേഷണ വിശകലന ഫലങ്ങള്‍ പൂര്‍വികരുടെ പ്രൗഢ ജീവിത രീതികളിലേക്കാണ് വെളിച്ചം വീശുന്നതെന്ന് റാക് ആൻറിക്വിറ്റിസ് ആൻറ് മ്യൂസിയം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉബൈദ് ആല്‍ തനൈജി ചുണ്ടിക്കാട്ടുന്നു. ഇത് റാസല്‍ഖൈമയുടെ സമ്പന്നമായ ചരിത്രം അരക്കിട്ടുറപ്പിക്കുന്നു. യു.എ.ഇയിലെ വിവിധ മ്യൂസിയങ്ങളിലും ബീജിംഗ് മ്യൂസിയത്തിലും അല്‍ശമലില്‍ നിന്ന് കണ്ടെടുത്ത മണ്‍പാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റാസല്‍ഖൈമയുടെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ജുല്‍ഫാറുമായി 1271- 1368 കാലഘട്ടത്തില്‍ ചൈനീസ് യുവാന്‍ രാജവംശം ബന്ധം പുലര്‍ത്തിയിരുന്നു.
പുരാതന ശമലില്‍ പര്‍വതങ്ങള്‍ക്ക് കീഴില്‍ പ്രത്യേക രീതിയിലുള്ള ഭവനങ്ങളിലാണ് ജനങ്ങള്‍ വസിച്ചിരുന്നത്. ജര്‍മനിയിലെ പ്രശസ്തആര്‍ക്കിയോളജിക് സര്‍വകലാശാല ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്നു. വിവിധ ജീവികളുടെ പുറം തോടുകളും മല്‍സ്യ അവശിഷ്ടങ്ങളും ശമലില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന് ഇവിടെ ചെറിയ തടാകങ്ങള്‍ ഉണ്ടായിരുന്നുവെന്ന നിഗമനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഈന്തപ്പനകള്‍, മൃഗങ്ങള്‍, കാര്‍ഷിക വൃത്തി എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ഇവിടെ നിലനിന്ന പുരാതന നദീതട സംസ്കാരത്തിലേക്കും വെളിച്ചം വീശുന്നു. യു.എ.ഇയിലെ ഏറ്റവും അതിപുരാതനമെന്ന് കരുതപ്പെടുന്ന കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് ശമലിലെ മലനിരയിലാണ്. 200 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഈ കൊട്ടാരം ഇന്ന് തകര്‍ന്നടിഞ്ഞ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.