അൽ സോറ കണ്ടൽക്കാട്; സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി
text_fieldsഅജ്മാന്: എമിറേറ്റിലെ അൽ സോറ കണ്ടൽക്കാടുകളുടെ സ്മരണിക സ്റ്റാമ്പ് അജ്മാന് ഭരണാധികാരി പുറത്തിറക്കി. യു.എ.ഇയുടെ പ്രകൃതി സംരക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരയിലെ പ്രഥമ സ്റ്റാമ്പാണ് അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി പുറത്തിറക്കിയത്. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമെന്ന നിലയിൽ കണ്ടൽക്കാടുകളുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതിനാണ് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും അൽ സോറ നേച്ചർ റിസർവും സഹകരിച്ച് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്.
രാജ്യത്തിന്റെ വിനോദസഞ്ചാര പദവി വർധിപ്പിക്കുന്നതിനും എമിറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയർത്തിക്കാട്ടുന്നതിനുമായി അൽ സോറക്കുവേണ്ടി നടത്തുന്ന പരിശ്രമങ്ങളെ ശൈഖ് ഹുമൈദ് അഭിനന്ദിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിൽ ടൂറിസം മേഖലയുടെ സംഭാവന പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാമ്പ് പുറത്തിറക്കാൻ അൽ സോറ നേച്ചർ റിസർവുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അഭിപ്രായപ്പെട്ടു. അജ്മാനിൽ സന്ദർശിക്കേണ്ട പ്രശസ്തമായ ഇക്കോ ടൂറിസം സ്ഥലങ്ങളിൽ ഒന്നാണ് 195 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന സംരക്ഷിത പ്രദേശമായ അല്‍ സോറ കണ്ടൽക്കാടുകള്‍.
റൂളേഴ്സ് കോർട്ടിൽ നടന്ന ചടങ്ങില്‍ അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയും എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് പ്രതിനിധികളടക്കമുള്ളവരും പങ്കെടുത്തു. മൂന്നു ദിര്‍ഹം വിലവരുന്നതാണ് അല്‍ സോറയുടെ ചിത്രത്തോടു കൂടിയുള്ള സ്റ്റാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.