Al Zorah; beauty of nature
text_fieldsനഗരസൗന്ദര്യത്തിന്റെ അനേകം ചിത്രങ്ങൾ നിറഞ്ഞ രാജ്യമാണ് യു.എ.ഇ. ഓരോ എമിറേറ്റിലും നിരവധിയായ അംബരചുംബികൾ ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായുണ്ട്. എന്നാൽ നഗരവൽകരണത്തിന്റെ വേഗതക്കിടയിൽ പ്രകൃതിയെ മറക്കുന്നവരല്ല ഇമാറാത്തിലെ ഭരണാധികാരികൾ. പരിസ്ഥിതിയുടെ അമൂല്യത തിരിച്ചറിഞ്ഞ് അനേകം പദ്ധതികളാണ് ഇവിടെ നടപ്പിലാക്കി വരുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും പല കേന്ദ്രങ്ങളും അധികൃതർ നിര്‍മ്മിച്ചിട്ടുമുണ്ട്. അജ്മാന് അല്‍ സോറയിലെ ഇക്കോ - ടൂറിസം പദ്ധതി പ്രദേശം അത്തരത്തിൽ പ്രധാനപ്പെട്ടതാണ്. പ്രകൃതിയുടെ പച്ചപ്പും ജൈവികതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടം നല്ലൊരു ലക്ഷ്യസ്ഥാനമാണ്. വിനോദ സഞ്ചാരികൾക്ക് മാത്രമല്ല, പരിസ്ഥിതിയെ പഠിക്കുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഇവിടം പ്രിയപ്പെട്ടതാണ്. പ്രത്യേകം സംരക്ഷിക്കപ്പെടുന്ന തണ്ണീര്‍തട സംരക്ഷണ പട്ടികയില്‍ യു.എ.ഇയിലെ ഏഴാമത് ഇടമായാണ് അജ്മാനിലെ അല്‍ സോറ ഇടംപിടിച്ചത്. റാസല്‍ഖോര്‍ പക്ഷി സങ്കേതം, വാദി വുറയ്യ, കല്‍ബ കണ്ടല്‍വനം, അല്വത്ത്വ പക്ഷി സങ്കേതം, സര് ബുനൈര്‍ ദ്വീപ്, ബുല്‍ സയായീഫ് തണ്ണീര്‍ത്തടം എന്നിവയാണ് റംസാര്‍ പട്ടികയിലെ മറ്റു പ്രദേശങ്ങള്‍.
പിങ്ക് ഫ്ലമിംഗോകളുടെ കേന്ദ്രം
വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളും ജൈവവൈവിധ്യവും വളരെ കൃത്യതയോടെ സംരക്ഷിക്കുന്ന 'അൽ സോറ നേച്ചർ റിസർവ്' 195 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ്. അജ്മാന്-ഉമ്മുല്‍ഖുവൈന്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം ഒരു കിലോമീറ്റർ നീളത്തിൽ അജ്മാൻ ക്രീക്കിന് ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ ഉപരിതലത്തിൽ വിശാലമായ ജലാശയം, കണ്ടല്‍കാടുകള്‍, മണൽ നിറഞ്ഞ ബീച്ച് തുടങ്ങിവ പോറലേൽപ്പിക്കാതെ സംരക്ഷിച്ചിരിക്കയാണ്. പ്രശസ്തമായ പിങ്ക് ഫ്ലമിംഗോകൾ ഉൾപ്പെടെ 102 ഇനം സ്വദേശിക പക്ഷികളും ദേശാടന പക്ഷികളും ഇവിടെയുണ്ടെന്നാണ് കണക്ക്.
ഏഴ് കിലോമീറ്ററോളം വരുന്ന കണ്ടൽ കാട് പരിസരങ്ങളിൽ പിങ്ക് ഫ്ലമിംഗോകളെ വർഷം മുഴുക്കെ കാണാവുന്നതാണ്. കൂടുകൂട്ടുന്ന കാലത്താണ് ഇവ ഏറെയും കാണാൻ സാധിക്കുന്നത്. പലതരം പവിഴപ്പുറ്റുകൾ, മത്സ്യങ്ങൾ, കക്കകൾ, തദ്ദേശീയ സസ്യജാലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ജീവജാലങ്ങളും ഇവിടെ ദൃശ്യമാണ്. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവ അല്‍ സോറയിലെ കണ്ടല്‍ക്കാടുകളില്‍ കൂട്ടമായ് ചേക്കേറുന്നത് സന്ധ്യവെട്ടത്തില് കാണാം.
കണ്ടൽകാടുകൾ ആസ്വദിച്ച് കയാക്കിങ്
അൽ സോറയിൽ എത്തുന്ന സന്ദർശകർക്കായി വിവിധങ്ങളായ ആധുനിക സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ജലവിമാനയാത്ര, അബ്ര, വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കണ്ടല്‍കാടുകൾ സന്ദര്‍ശിക്കാനും തടാകത്തിലൂടെ സഞ്ചരിക്കാനും കയാക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈൻഡ് സെർഫിങ്,
വാട്ടര്‍ സ്പോർട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ്, ഗോള്‍ഫ് കോര്‍ട്ട്, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലസിക്കാനായി പാര്‍ക്ക്, മൃഗശാല എന്നിവയും ഇതിനോടനുബന്ധമായുണ്ട്. കണ്ടല്‍കാടുകള്‍ സന്ദര്‍ശിക്കാന്‍ ബോട്ട് സര്‍വീസും അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ കീഴില്‍ ഒരുക്കിയിട്ടുണ്ട്. 2600 മീറ്റര്‍ നീളത്തില്‍ നടക്കാനും സൈക്കിള്‍ സവാരിക്കും അനുയോജ്യമായ പാതയുമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.