അൽഐൻ പുസ്തകോത്സവത്തിന് തുടക്കം
text_fieldsഅൽഐൻ പുസ്തകോത്സവത്തിലെ ദൃശ്യം
അൽഐൻ: യു.എ.ഇയുടെ പൈതൃകമുറങ്ങുന്ന എൽഐനിന്റെ മണ്ണിൽ പുസ്തകങ്ങളുടെയും അറിവിന്റെയും ഉത്സവത്തിന് തുടക്കം. അൽഐൻ പുസ്തകോത്സവത്തിന്റെ 14ാമത് എഡിഷനാണ് ഞായറാഴ്ച തുടക്കമായത്. അൽഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ബിൻ ഖലീഫ ആൽ നഹ്യാന്റെ രക്ഷാധികാരത്തിൽ നടക്കുന്ന മേള, ‘എല്ലാ കണ്ണുകളും അൽഐനിലേക്ക്’ എന്ന തലക്കെട്ടിലാണ് നടക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ 60,000 പുസ്തകങ്ങളും 150ലേറെ പ്രദർശകരും പങ്കെടുക്കുന്നുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും അറിവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചുവരുന്നത്. സംസ്കാരം, കല, സർഗാത്മകത എന്നീ മേഖലകളിൽ 400ലധികം പരിപാടികളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഐൻ സിറ്റിയിലെ ഏറ്റവും പ്രമുഖമായ ഒമ്പതു സാംസ്കാരിക കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. വായനയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ, ഇമാറാത്തി സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പരിപാടികൾ. അബൂദബി അറബി ഭാഷാ കേന്ദ്രമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
അൽഐൻ സ്ക്വയർ-ഹസ്സ ബിൻ സായിദ് സ്റ്റേഡിയമാണ് ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കുമായി നിരവധി വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങളും ഒപ്പം പ്രതിഭാധനരായ യുവപ്രതിഭകൾ പങ്കെടുക്കുന്ന വൈവിധ്യമാർന്ന സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. ഖാസർ അൽ മുവൈജി, ബൈത്ത് മുഹമ്മദ് ബിൻ ഖലീഫ, സായിദ് സെൻട്രൽ ലൈബ്രറി, യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി, അൽ ഖത്താറ ആർട്സ് സെന്റർ, അൽഐൻ മാൾ, ബറാറി മാൾ, അൽ ഫോഹ് മാൾ എന്നിവിടങ്ങളാണ് മറ്റു വേദികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.