അല്‍ഐന്‍ മരുപ്പച്ച പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു
text_fieldsഅല്‍ഐന്‍: യു.എ.ഇയുടെ പ്രഥമ യുനെസ്കോ ലോക പൈതൃക പ്രദേശമായ അല്‍ഐന്‍ മരുപ്പച്ച പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. കിഴക്കന്‍ മേഖല പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാനാണ് പ്രദേശം തുറന്നുകൊടുത്തത്.
ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ശൈഖ് തഹ്നൂന്‍ അല്‍ഐന്‍ മരുപ്പച്ച ചുറ്റിസഞ്ചരിച്ചു. അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയുടെ (ടി.സി.എ) നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വീക്ഷിച്ചു.
സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സാധ്യമാക്കുക, പ്രദേശത്ത് എളുപ്പത്തില്‍ എത്താനാവുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്രപരമായ വികാസം, അബൂദബിയുടെ പൈതൃകത്തിലും സാംസ്കാരികതയിലും ഇതിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാനായി പരിസ്ഥിതി കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
പനന്തോട്ടത്തില്‍ ഒരുക്കിയ യഥാര്‍ഥ മരുപ്പച്ചയുടെ മാതൃകയും ശൈഖ് തഹ്നൂന്‍ സന്ദര്‍ശിച്ചു. പനന്തോട്ടങ്ങളിലേക്ക് വെള്ളമത്തെിക്കുന്ന വിസ്മയിപ്പിക്കുന്ന തോട് ശൃംഖലകള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. മരുപ്പച്ചയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയും കഫേകളും റെസ്റ്റോറന്‍റുകളും ഉള്‍ക്കൊള്ളുന്ന അല്‍ഐന്‍ ഒയാസിസ് പ്ളാസയും സന്ദര്‍ശകര്‍ക്ക് ആസ്വാദ്യമാകും.
രാജ്യത്തിന്‍െറ പാരമ്പര്യവും സമ്പത്തും കാത്തുസൂക്ഷിക്കുന്നതില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സമഗ്ര നയത്തിന്‍െറ മുഖ്യ ഘടകമാണ് അല്‍ഐന്‍ മരുപ്പച്ചയെന്ന് ടി.സി.എ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ ആല്‍ മുബാറക് പറഞ്ഞു. അല്‍ഐന്‍ മരുപ്പച്ച ഭൂതകാലത്തില്‍നിന്നുള്ള പാഠം മാത്രമല്ളെന്നും യഥാര്‍ഥ സുസ്ഥിരത എങ്ങനെ കൈവരിക്കാമെന്നതിനുള്ള ഭാവിയിലേക്കുള്ള സന്ദേശം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011ലാണ് അല്‍ഐനിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. വെങ്കലയുഗത്തിലെ ഹഫീത് ശവകുടീരങ്ങള്‍, ഹിലിയിലെ വാസ്തുശില്‍പ ചാരുതയുള്ള താമസയിടങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവശിഷ്ടങ്ങള്‍, അല്‍ഐന്‍ മരുപ്പച്ചയുള്‍പ്പടെയുള്ള ആറ് മരുപ്പച്ചകള്‍ എന്നിവയാണ് അല്‍ഐനിനെ പട്ടികയിലത്തെിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ആഗോള വിനോദഞ്ചാര മേഖലയില്‍ അബൂദബിയുടെ സ്ഥാനം ഉയര്‍ത്തിയതില്‍ ടി.സി.എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.