'പ്രണയിനിക്ക്' 13ാം പിറന്നാൾ; ആഘോഷമാക്കി അൽ ഐൻ മൃഗശാല
text_fieldsശമീറുൽ ഹഖ് തിരുത്തിയാട്
അൽഐൻ: 13 വർഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരിയിലാണ് അൽ ഐൻ മൃഗശാലയിൽ ജാനു പിറന്നുവീണത്. ഓമനിച്ച് വളർത്തിയ ജാനു 13ാം വയസ്സിലേക്ക് പ്രവേശിച്ചപ്പോൾ മൃഗശാല അധികൃതർ അത് ആഘോഷമാക്കി. കേക്ക് മുറിച്ചും കളിപ്പാട്ടങ്ങൾ നൽകിയും സ്വാഗത ബാനറൊരുക്കിയും പ്രതിമ സ്ഥാപിച്ചുമെല്ലാമാണ് ജാനു ജിറാഫിെൻറ പിറന്നാൾ മൃഗശാലയിലെ ജീവനക്കാരും അതിഥികളും ആഘോഷമായി കൊണ്ടാടിയത്. ആഘോഷത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ഫോട്ടോ ബൂത്തും സജ്ജമാക്കിയിരുന്നു. അവിസ്മരണീയ ദിനത്തിൽ പ്രത്യേക ജന്മദിന ചിത്രത്തിനായി സന്ദർശകരെ ജാനുവുമൊത്ത് ചേരാൻ അനുവദിക്കുകയും ചെയ്തു.
'പ്രണയിനി' എന്നർഥം വരുന്ന ജാനു എന്ന നാമം മൃഗശാല ജീവനക്കാരാണ് തെരഞ്ഞെടുത്തത്. പെെട്ടന്ന് ഇണങ്ങുന്ന സ്വഭാവക്കാരിയായതിനാൽ മൃഗശാല ജീവനക്കാർക്കും അവിടെ എത്തുന്ന സന്ദർശകർക്കും ഏറെ പ്രിയപ്പെട്ടവളാണ്. അതിനാലാണ് ജാനുവിെൻറ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. നഗരവത്കരണം, മൃഗവേട്ട തുടങ്ങിയവ കാരണം അതിവേഗം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണ് അന്താരാഷ്്ട്ര പ്രകൃതി സംരക്ഷണ കൂട്ടായ്മയായ ഐ.യു.സി.എൻ റോൽസ് ചൈൽഡ് വിഭാഗത്തിൽപെട്ട ജിറാഫുകളെ ഉൾപ്പെടുത്തിയത്. അൽഐൻ മൃഗശാല ഇവയുടെ സംരക്ഷണത്തിന് ഉയർന്ന പരിഗണനയാണ് നൽകുന്നത്. കാട്ടിലെ പ്രകൃതിദത്ത ആവാസ വ്യവസ്ഥക്ക് സമാനമായ ജീവിത അന്തരീക്ഷമാണ് ജിറാഫുകൾക്ക് ഇവിടെ പ്രദാനം ചെയ്യുന്നത്.
അൽഐൻ മൃഗശാലയിൽ ഒരു മൃഗത്തിെൻറ ജന്മദിനം ആഘോഷിക്കുന്നത് ഇതാദ്യമല്ല. ലേഡി ഗോറില്ല തെൻറ നാൽപതാം ജന്മദിനം ആഘോഷിച്ചതാണ് ഈ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം. റോൽസ് ചൈൽഡ് വിഭാഗത്തിൽപെട്ട ജിറാഫുകൾ പലപ്പോഴും 25 വർഷം വരെയാണ് കാട്ടിൽ ജീവിക്കുന്നത്. മൃഗശാലയിൽ മികച്ച പരിചരണവും ശ്രദ്ധയും ലഭിക്കുമ്പോൾ ആയുസ്സ് അതിനപ്പുറത്തേക്ക് നീളാൻ സാധ്യതയുണ്ടെന്നും അൽ ഐൻ മൃഗശാലയിലെ ലൈഫ് സയൻസസ് വിഭാഗം മേധാവി മുഹമ്മദ് യൂസുഫ് അൽ ഫക്കീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.