ചരിത്രമുറങ്ങുന്ന അൽഹീറ പട്ടണം പുനരുദ്ധരിക്കുന്നു
text_fieldsഷാർജ: എമിറേറ്റിന്റെ ചരിത്രത്തിൽ അതിപ്രധാനമായ അൽഹീറ പട്ടണം പുനരുദ്ധരിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. സാംസ്കാരിക വിനോദസഞ്ചാര രംഗത്ത് ഇതിനകം ശ്രദ്ധിക്കപ്പെട്ട എമിറേറ്റിനെ ഈ മേഖലയിൽ കൂടുതൽ കരുത്തുറ്റതാക്കാൻ ഉപകരിക്കുന്നതാണ് പദ്ധതി. അൽ ഖവാസിം ഗോത്രം ആദ്യമായി ഷാർജയിൽ താമസമുറപ്പിച്ച പ്രദേശമാണ് 1613ൽ നിർമിക്കപ്പെട്ട ഈ തീരദേശ പട്ടണം.
പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച ശൈഖ് സുൽത്താൻ, പട്ടണ സ്ഥാപനത്തെ അനുസ്മരിക്കുന്ന സ്മാരകം അനാച്ഛാദനം ചെയ്തു. സുൽത്താൻ ബിൻ അബ്ദുല്ല ബിൻ മാജിദ് അൽ ഉവൈസ് ഉപയോഗിച്ച വീട് അൽഹീറ സാഹിത്യ മജ്ലിസായി പരിവർത്തിപ്പിച്ചതും അദ്ദേഹം പ്രഖ്യാപിച്ചു.ഇമാറാത്തിന്റെ സാഹിത്യ ചരിത്രത്തിലും സുപ്രധാന സ്ഥാനമുള്ള സ്ഥലമാണ് അൽഹീറ. നബാത്തി കവിതയുടെ മേഖലയിലെ കേന്ദ്രമായി പ്രദേശം അറിയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അൽഹീറ സാഹിത്യ മജ്ലിസ് രൂപപ്പെടുത്തിയത്. പുതുതായി പ്രഖ്യാപിച്ച പദ്ധതിയിൽ പ്രദേശത്തെ പ്രമുഖരായിരുന്ന ഹാമിദ് ഖലഫ് ബൂ ഖസ്റ, ഖലീഫ സുൽത്താൻ അൽ സുവൈദി എന്നിവരുടെ വീടുകളും പുനരുദ്ധരിക്കുന്നുണ്ട്. സാംസ്കാരിക ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിലാണ് സാഹിത്യ മജ്ലിസ് ഒരുക്കിയിട്ടുള്ളത്. ചരിത്രപ്രധാനമായ പ്രദേശങ്ങളുള്ള എമിറേറ്റെന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിൽ ടൂറിസം പദ്ധതികൾ ഷാർജയിൽ നടപ്പിലാക്കുന്നുണ്ട്. 2022ൽ അൽഹീറ ബീച്ച് വികസനപദ്ധതി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(ശുറൂഖ്)യുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരുന്നു. 3.5കി.മീറ്റർ നീളത്തിലുള്ള ബീച്ച് നഗരത്തിലെ ഏറ്റവും വലുതാണ്. പദ്ധതി പ്രഖ്യാപന ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് സലിം ബിൻ അബ്ദുറഹ്മാൻ ബിൻ സാലിം അൽ ഖാസിമി, ആരോഗ്യ, രോഗപ്രതിരോധ വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.