ആലിയ അൽ മസ്റൂയി; മന്ത്രിസഭയിലെ പുതിയ വനിതാമുഖം
text_fieldsദുബെ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചപ്പോൾ പുതുതായി ഇടംപിടിച്ചയാളാണ് ആലിയ അൽ മസ്റൂയി. മന്ത്രിസഭയിലെ ഈ വനിത പുതുമുഖത്തിന് വളരെ പ്രധാനപ്പെട്ട സംരംഭകത്വ, ഇടത്തരം-ചെറുകിട വ്യവസായ സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ ഇൻഷുറൻസ് ഹൗസ് വൈസ് ചെയർമാൻ പദവിയാണ് ഇവർ വഹിക്കുന്നത്. ഫിനാൻസ് ഹൗസ്, ദുബൈ ട്രേഡർ യൂത്ത് കൗൺസിൽ, അബൂദബി സ്കൂൾ ഓഫ് മാനേജ്മെന്റ്, അബൂദബി ബിസിനസ് വിമൻ കൗൺസിൽ എന്നിവയുടെ ബോർഡ് അംഗവുമാണ്.
2020 ജൂലൈ മുതൽ 2022 ജൂലൈ വരെ അബൂദബിയിലെ ഹ്യൂമൻ റിസോഴ്സ് അതോറിറ്റിയുടെ ഡയറക്ടർ ജനറലായും അബൂദബി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ ആക്ടിങ് ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2012 മുതൽ 2018 വരെ മസ്റൂയി ഇന്റർനാഷനലിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറും എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ ഹ്യൂമൻ റിസോഴ്സ് അഡ്വൈസറുമായിരുന്നു.
കരിയറിന്റെ തുടക്കകാലത്ത് എക്സി. അഫയേഴ്സ് അതോറിറ്റിയിൽ 2012 മുതൽ 2013 വരെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫിസർ, 2008 മുതൽ 2011 വരെ ഹ്യൂമൻ റിസോഴ്സ് മാനേജർ, 2007ൽ ഹ്യൂമൻ റിസോഴ്സ് അനലിസ്റ്റ് എന്നിങ്ങനെ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. സംരംഭക കൂടിയായ ഇവരാണ് ലിറ്റിൽ ഹേവൻ നഴ്സറി സ്ഥാപിച്ചത്. ഫുഡ് ആൻഡ് ബിവറേജ് കൺസൾട്ടൻസിയായ ദി ഫുഡ്സ്റ്റേഴ്സ് ഇൻക്, ജനപ്രിയ റസ്റ്റാറന്റ് ശൃംഖലയായ ജസ്റ്റ് ഫലാഫെൽ എന്നിവയുടെ സഹസ്ഥാപകയുമാണ്. പേൾ ഇനിഷ്യേറ്റിവിന്റെ ഡയറക്ടർ ബോർഡിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫോർബ്സ് മിഡിൽ ഈസ്റ്റ് 2017ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 അറബ് ബിസിനസ് വനിതകളിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുമുണ്ട്. കൂടാതെ 2017ലും 2012ലും ലോകത്തിലെ ഏറ്റവും ശക്തരായ 200 അറബ് വനിതകളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.