ദുബൈ സ്കൂളുകളിൽ എല്ലാ കുട്ടികളും ക്ലാസിൽ ഹാജർ
text_fieldsദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ മുഴുവൻ കുട്ടികളും ക്ലാസിലെത്തണമെന്ന നിർദേശം പ്രാബല്യത്തിൽ. ഞായാറാഴ്ച മുതൽ അത്യാവശ്യ ഇളവുകൾക്ക് അർഹതയുള്ളവരൊഴികെ മുഴുവൻ കുട്ടികളും ക്ലാസിലെത്തി.
ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളവർക്ക് മാത്രമാണ് ഇളവ്. നേരത്തെ നിർദേശം ലഭിച്ചതിനാൽ എല്ല മുന്നൊരുക്കങ്ങളും സ്വീകരിച്ചാണ് കുട്ടികളെ സ്കൂൾ അധികൃതർ സ്വീകരിച്ചത്. അതേസമയം, യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ ഓൺലൈനായും ക്ലാസുകൾ തുടരും. കഴിഞ്ഞമാസം പുതിയ അക്കാദമിക വർഷം ആരംഭിച്ചപ്പോൾ ഓൺലൈൻ പഠനത്തിനും ക്ലാസ് മുറി പഠനത്തിനും അവസരമുണ്ടായിരുന്നു.
തുടർന്ന് ഒക്ടോബർ മൂന്ന് മുതൽ എല്ലാവരും ക്ലാസിലെത്തണമെന്ന് വൈജ്ഞാനിക, മാനവവിഭവ വകുപ്പ് അതോറിറ്റി (കെ.എച്ച്.ഡി.എ) അധികൃതർ നിർദേശിക്കുകയായിരുന്നു.
സെപ്റ്റംബറിൽ സ്കൂൾ തുറന്ന ശേഷം 70 ശതമാനം കുട്ടികളും നേരിട്ട് ക്ലാസിലെത്തുന്ന സാഹചര്യമുണ്ടായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് സ്കൂളുകളിൽ സമ്പൂർണ നേരിട്ടുള്ള പഠനം തുടങ്ങുന്നത്.
കെ.എച്ച്.ഡി.എ അധികൃതർ കഴിഞ്ഞ ഒരുമാസത്തിനിടെ 711 തവണ സ്കൂളുകൾ സന്ദർശിച്ചിരുന്നു. ഒരു സ്കൂളിൽ മൂന്ന് തവണയെങ്കിലും എത്തുകയും സുരക്ഷ പരിശോധനകൾ നടത്തുകയും ഒരുക്കം വിലയിരുത്തുകയും ചെയ്തു.
ഭൂരിപക്ഷം സ്കൂളുകളും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ബാക്കിയുള്ള സ്കൂളുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. കുട്ടികെള സ്കൂളിൽ അയക്കുന്നതുമായി ബന്ധപ്പെട്ട് 75,000 രക്ഷിതാക്കൾക്കിടയിൽ സർവേ നടത്തിയിരുന്നു. 89 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
96 ശതമാനം അധ്യാപക- അനധ്യാപക ജീവനക്കാരും വാക്സിനേഷൻ പൂർത്തിയാക്കിയിടുണ്ട്. 12-17 വയസ്സിനിടയിലുള്ള 70 ശതമാനം കുട്ടികളും വാക്സിനെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.