ഒറ്റ സബ്‌സ്‌ക്രിപ്ഷൻ മതി; അബൂദബിയിലെ എല്ലാ ബഹുനില പാർക്കിങും ഉപയോഗിക്കാം
text_fieldsഅബൂദബി: ഒറ്റ സബ്സ്ക്രിബ്ഷനിലൂടെ അബൂദബിയിലെ എല്ലാ ബഹുനില പാർക്കിങും ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വന്നു.
തലസ്ഥാന നഗരിയിലെ ഏതെങ്കിലും ബഹുനില കാർ പാർക്ക് ഉപയോഗത്തിന് രജിസ്റ്റർ ചെയ്ത ഉപഭോക്താവിന് നഗരാതിർത്തിയിലെ മറ്റ് ബഹുനില പാർക്കിങുകളും അധിക ചാർജില്ലാതെ ഉപയോഗിക്കാവുന്ന സംവിധാനമാണിതെന്ന് അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) അറിയിച്ചു. കൂടുതൽ ഏരിയകളിൽ വാഹന പാർക്കിങ് ഏർപെടുത്തുന്നതിനാണ് ഈ സൗകര്യം അനുവദിക്കുന്നത്. മറ്റ് പാർക്കിങ് ഏരിയകളിലെ തിരക്ക് കുറക്കാനും ബഹുനില കാർ പാർക്കിങ്ങുകൾ ഉപയോഗിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
അബൂദബി നഗരത്തിൽ ഏഴു ബഹുനില കാർ പാർക്കിങ്ങുളിലായി 3,788 വാഹനങ്ങൾ പാർക്ക് ചെയ്യാം. 31 പാർക്കിങ് ബേ ഭിന്നശേഷിക്കാർക്കും 182 എണ്ണം വനിതകൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്. ഹൈബ്രിഡ് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് 16 പാർക്കിങ് സ്ഥലങ്ങളും ഉൾപ്പെടുന്നു.
പാർക്കിങ് ഏരിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും ഉപയോഗിക്കാവുന്ന മാഗ്‌നറ്റിക് സബ്‌സ്‌ക്രിപ്ഷൻ കാർഡ് ലഭിക്കും.
നമ്പർ പ്ലേറ്റ് റീഡിങ് ക്യാമറ വഴി വരിക്കാരെൻറ വാഹന വിവരങ്ങൾ തിരിച്ചറിയാനും പാർക്കിങ് കെട്ടിടത്തിലേക്ക് വേഗത്തിൽ പ്രവേശനത്തിനും സഹായിക്കും. രജിസ്റ്റർ ചെയ്ത കെട്ടിടത്തിലല്ലാതെ മറ്റു ബഹുനില പാർക്കിങ് ബേകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഈടാക്കിയ അധിക ഫീസ് ഇനി മുതൽ അടക്കേണ്ട ആവശ്യമില്ല.
ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ മൂന്നു രീതിയിലുള്ള പാർക്കിങ് സബ്‌സ്‌ക്രിപ്ഷനുകളാണ് ഉപഭോക്താക്കൾക്ക് ബഹുനില പാർക്കിങുകളിൽ എടുക്കാൻ കഴിയുക. മാസം 1,369 ദിർഹം, ആറ് മാസത്തേക്ക് 2,738 ദിർഹം, ഒരു വർഷത്തേക്ക് 5,475 ദിർഹവുമാണ് ബഹുനില പാർക്കിങിനുള്ള സബ്‌സ്‌ക്രിപ്ഷൻ ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.